സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപകനാശനഷ്ടം Source: News Malayalam 24x7
KERALA

സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപകനാശനഷ്ടം; കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഗൃഹനാഥന് ദാരുണാന്ത്യം

കോഴിക്കോട് കൊടിയത്തൂരിൽ മരം കടപുഴകി വീണ് വീട് തകർന്നു.

Author : ന്യൂസ് ഡെസ്ക്
പെരുവ സ്വദേശി ചന്ദ്രൻ

കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപകനാശനഷ്ടം. കണ്ണൂർ കണ്ണവത്ത് വീടിന് മുകളിൽ മരം വീണ് ഗൃഹനാഥന് ദാരുണാന്ത്യം. പെരുവ സ്വദേശി പെരുവഴിയിലെ ചന്ദ്രനാണ് മരിച്ചത്. കണ്ണൂർ പള്ളിക്കുന്നിൽ വൈദ്യുതി ലൈനിലേക്ക് മരം വീണ് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. തോട്ടുമുക്കം മൈസൂർപട്ടയിൽ കൃഷ്‍ണന്റെ വീടാണ് തകർന്നത്.

കോഴിക്കോട് കൊടിയത്തൂരിൽ മരം കടപുഴകി വീണ് വീട് തകർന്നു. താമരശേരിയിൽ നിർത്തിയിട്ട പിക്കപ്പ് വാനിൽ പന മുറിഞ്ഞുവീണ് വാഹനം തകർന്നു. കാരാടി നെല്ലൂളി ചാലിൽ മുഹമ്മദ് ഹനീഫയുടെ വാഹനമാണ് തകർന്നത്. കൂടത്തായിൽ വീടിന് മുകളിലേക്ക് കൂറ്റൻ തേക്കുമരവും തെങ്ങും വീണ് വീട് തകർന്നു.

നെന്മാറ വിത്തനശേരിയിൽ ലക്ഷംവീട് കോളനിയിലെ രാമസ്വാമി, മുരുകമ്മ എന്നിവരുടെ ഒറ്റമുറി വീട് തകർന്നു

പാലക്കാട് ജില്ലയിലും മഴക്കെടുതി രൂക്ഷമാണ്. തച്ചമ്പാറ കുന്നംതിരുത്തിൽ വീടിൻ്റെ മുകളിൽ മരം വീണ് രണ്ടു പേർക്ക് പരിക്കേറ്റു. നെന്മാറ വിത്തനശേരിയിൽ ലക്ഷംവീട് കോളനിയിലെ വീട് നിലംപൊത്തി. വിത്തനശേരി ലക്ഷംവീട് കോളനിയിലെ രാമസ്വാമി, മുരുകമ്മ എന്നിവരുടെ ഒറ്റമുറി വീടാണ് തകർന്നത്. കാറ്റിൽ മേൽക്കൂര പറന്നുപോയി, മഴയിൽ ചുമർ നിലംപൊത്തി. ഇരുവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

മംഗലംഡാം ചിറ്റടിയിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു

മംഗലംഡാം ചിറ്റടിയിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇലക്ട്രിക് പോസ്റ്റും ലൈനും തകർന്നു. പിന്നീട് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മംഗലംഡാമിലേക്കുള്ള പ്രധാന റോഡാണ് ഇത്. ഈ സമയത്ത് മറ്റു വാഹനങ്ങൾ വരാത്തത് വലിയ അപകടം ഒഴിവായി.

ദേശീയപാതയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

പാലക്കാട് - ചെറുപ്പളശ്ശേരി ദേശീയപാതയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ആർക്കും പരിക്കില്ല.

മറ്റക്കരയിൽ മരം കടപുഴകി വീടുകൾ തകർന്നു

കോട്ടയം മറ്റക്കരയിൽ മരം കടപുഴകി വീടുകൾ തകർന്നു. മരം വീണ് മണ്ണൂർപ്പള്ളിക്കടുത്ത് വട്ടക്കൊട്ടയിൽ വീട്ടിൽ ജിജോ ജോസഫിൻ്റെ വീട് തകർന്നു. വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ക്രിസ്റ്റിയുടെ തലയിൽ ഓട് തെറിച്ചു വീണ് പരിക്കേറ്റു. വീട്ടിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

പന്തളം പൂഴിക്കാട് യുപി സ്കൂളിൻറെ മുറ്റത്തെ മരം കടപുഴകി വീണു

പത്തനംതിട്ട പന്തളം പൂഴിക്കാട് യുപി സ്കൂളിൻറെ മുറ്റത്തെ മരം കടപുഴകി വീണു. മതിലും വൈദ്യുതി ലൈനും തകർത്ത് റോഡിലേക്കാണ് വീണത്.

SCROLL FOR NEXT