ബെയ്‍ലി പാലത്തിന് അടിയിലൂടെ വെള്ളം കുത്തിയൊലിക്കുന്ന ദൃശ്യം Source: News Malayalam 24X7 Spourced
KERALA

വയനാട് ചൂരല്‍മലയില്‍ കനത്തമഴ; മുണ്ടക്കൈ-അട്ടമല റോഡ് വെള്ളത്തില്‍ മുങ്ങി; പ്രതിഷേധിച്ച് നാട്ടുകാർ

പുഴ വൃത്തിയാക്കാനായി വെച്ച മണ്ണ് കുത്തിയൊലിച്ചതാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിക്കുന്നു.

Author : ന്യൂസ് ഡെസ്ക്

വയനാട് ചൂരല്‍മലയില്‍ ശക്തമായ മഴ. ബെയ്‌ലി പാലത്തിനടിയില്‍ ശക്തമായ കുത്തൊഴുക്ക്. മുണ്ടക്കൈ-അട്ടമല റോഡ് വെള്ളത്തില്‍ മുങ്ങി.

ചൂരല്‍മലയില്‍ ഇന്നലെ രാത്രിമുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ശക്തമായ മഴയില്‍ മണ്ണും കല്ലുമടക്കം കുത്തിയൊലിച്ച് വരികയാണ്. വെള്ളത്തിന്റെ നീരൊഴുക്ക് വര്‍ധിച്ചു. വെള്ളാര്‍മല സ്‌കൂളിന്റെ താഴ്ഭാഗത്തുള്ള കെട്ടിടത്തിന്റെ മുക്കാല്‍ ഭാഗത്തോളം വെള്ളം കയറിയിട്ടുണ്ട്.

പുഴ വൃത്തിയാക്കാനായി വെച്ച മണ്ണ് കുത്തിയൊലിച്ചതാണ് നിലവിലെ സാഹചര്യത്തിന് കാരണമെന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിക്കുന്നു. നിലവില്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ചിട്ടില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.

അതേസമയം പ്രദേശത്ത് പ്രതിഷേധവുമായി ജനങ്ങള്‍ തടിച്ചുകൂടി. പൊലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ബെയ്‌ലി പാലത്തിനപ്പുറത്ത് മുണ്ടക്കൈ എസ്റ്റേറ്റില്‍ ജോലിക്ക് പോയവരെ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരികെയെത്തിക്കുന്നുണ്ട്. എന്നാല്‍ കനത്ത മഴയത്തും ജോലിക്ക് പോകേണ്ടി വരുന്നത് സര്‍ക്കാരില്‍ നിന്ന് തരാമെന്ന് പറഞ്ഞ 9,000 രൂപയോ വീടോ ഒന്നും ലഭിക്കാത്തതിനാലാണെന്നും, ജോലിക്ക് പോവാതെ എന്തു ചെയ്യുമെന്നുമാണ് ജനങ്ങള്‍ ചോദിക്കുന്നത്.

ജോലിക്ക് പോകാതെ ജീവിക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. മഴയില്‍ കുത്തൊഴുക്ക് തുടര്‍ന്ന് ഇത്രയും നേരമായിട്ടും കളക്ടറോ റവന്യു വകുപ്പ് ഉദ്യോഗസ്ഥരോ സ്ഥലത്ത് എത്തിയിട്ടില്ലെന്നും ജനങ്ങള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ അവസാനമാണ് മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. നിരവധി പേര്‍ക്ക് മരണപ്പെടുകയും കാണാതാവുകയും നിരവധി പേരുടെ വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഈ പ്രദേശത്ത് ആള്‍ത്താമസമില്ല.

SCROLL FOR NEXT