KERALA

മഴയ്ക്ക് ശമനം; ആശങ്ക ഒഴിയാതെ മധ്യകേരളം

മഴയും കിഴക്കൻ വെള്ളത്തിൻ്റെ വരവും ആലപ്പുഴയിൽ ആശങ്ക ഉയർത്തുന്നുണ്ട്.

Author : ന്യൂസ് ഡെസ്ക്

കോട്ടയം: കനത്ത മഴയിൽ വൻ നാശനഷ്ടം ഉണ്ടായ കോട്ടയത്തും പത്തനംതിട്ടയിലും ഇന്നലെ രാത്രി മുതൽ മഴ മാറിനിന്നതോടെ പ്രതിസന്ധി ഒഴിയുകയാണ്. പത്തനംതിട്ടയിൽ റാന്നിയിലും ആറന്മുളയിലും വീടുകളിൽ ഇന്നലെ കയറിയ വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല. പാലായിൽ വെള്ളം ഇറങ്ങിയെങ്കിലും മീനച്ചിലാറ്റിലെ വെള്ളം പടിഞ്ഞാറൻ മേഖലയിലെത്തിയതോടെ പ്രദേശങ്ങൾ വെള്ളത്തിലായി. മഴയും കിഴക്കൻ വെള്ളത്തിൻ്റെ വരവും ആലപ്പുഴയിൽ ആശങ്ക ഉയർത്തുന്നുണ്ട്.

മഴയിൽ ഒറ്റപ്പെട്ട കോട്ടയം പാലായിൽ വെള്ളം ഇറങ്ങി തുടങ്ങി. എങ്കിലും വീടുകളിൽ നിന്ന് വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല. ഈരാറ്റുപേട്ടയിലും പൂഞ്ഞാറിലും തീക്കോയിലും മഴ മാറി നിൽക്കുന്നത് ആശ്വാസമാണ്. നിലവിൽ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലാണ് വെള്ളം കയറുന്നത്. മീനച്ചിലാറ്റിലെ വെള്ളം പടിഞ്ഞാറൻ മേഖലയിലെത്തിയതോടെയാണ് ജലനിരപ്പ് ഉയരുന്നത്. ആർപ്പൂക്കര, തിരുവാർപ്പ്, അയ്മനം പഞ്ചായത്തുകളിലെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിലായി. ഇന്നലെ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങൾ ജില്ലാ ഭരണകൂടം പ്രത്യേകമായി നിരീക്ഷിക്കുന്നുണ്ട്.

പമ്പാനദി കരവകവിഞ്ഞ് ഒഴുകുന്നതിനാൽ ആറന്മുളയിൽ വിവിധ പ്രദേശങ്ങൾ വെള്ളത്തിലാണ്. ശബരിമല തീർത്ഥാടകർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജീവിതസമ്പാദ്യം മുഴുവൻ നഷ്ടമായി ഇനി എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് നാട്ടുകാർ. ക്യാമ്പുകളിലേക്ക് മാറാൻ ആരും നിർദേശം നൽകിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കോന്നി, റാന്നി, ആറന്മുള എന്നിവിടങ്ങളിലും അപ്പർ കുട്ടനാട് മേഖലയുടെ വിവിധ ഭാഗങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

മഴ തുടരുന്നതിനൊപ്പം കിഴക്കൻ വെള്ളത്തിൻ്റെ വരവും ആലപ്പുഴയിൽ ആശങ്ക ഉയർത്തുന്നു. കുട്ടനാട്ടിൽ അടക്കം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടാണ്. ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലായി അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

തൃക്കുന്നപ്പുഴ, അമ്പലപ്പുഴ മേഖലകളിൽ കടൽക്ഷോഭവും ശക്തമാണ്. പമ്പയാറിൻ്റെ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി. ഹൗസ് ബോട്ട്, ശിക്കാര വള്ളം, സ്പീഡ് ബോട്ട് എന്നിവയുടെ സർവീസ് താൽക്കാലിമായി നിർത്തലാക്കി. കടലിലേക്ക് കൂടുതൽ വെള്ളം ഒഴുകി പോകുന്നതിനായി തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട്, അന്ധകാരനഴി ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.

SCROLL FOR NEXT