KERALA

കേരളത്തിൽ മഴ കനക്കും; കൊല്ലം ജില്ലയിൽ ഓറഞ്ച് അലേർട്ട് മുന്നറിയിപ്പ്

12 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം ജില്ലയിൽ മാത്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഏഴ് മണിയോടെയാണ് ഈ മുന്നറിയിപ്പ് വന്നത്. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് 12 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയത്.

അതേസമയം, പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. (കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് പുറപ്പെടുവിച്ച സമയവും തീയതിയും 07.00 PM; 28/05/2026)

SCROLL FOR NEXT