Source: Social Media
KERALA

നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; കേരള നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുൻ അധ്യക്ഷൻമാർ, കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് മുന്നോടിയായി കേരള നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുൻ അധ്യക്ഷൻമാർ, കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. സ്ക്രീനിങ് കമ്മിറ്റിയുമായും നേതാക്കൾ ചർച്ച നടത്തും.

കോൺഗ്രസ് ആസ്ഥാനത്താണ് യോഗം ചേരുക. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമടക്കം യോഗത്തിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാക്കുന്ന കാര്യമാകും യോഗത്തിൽ ചർച്ചയാവുക. ആർക്കെല്ലാം വിജയ സാധ്യതയുണ്ടെന്നും യോഗം ചർച്ച ചെയ്യും. മുന്നണിക്കുള്ളിൽ ഐക്യം രൂപപ്പെടുത്തുക എന്നതും യോഗത്തിൽ ചർച്ചയാകും. ഇതിന് മുൻപ് മുന്നണി വിപുലീകരണം സംബന്ധിച്ച ചർച്ചയ്ക്കായിരുന്നു കോൺഗ്രസ് നേതൃത്വം നിർദേശിച്ചത്.

തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിയിരിക്കുകയാണ് യുഡിഎഫ്. ആദ്യ ഉഭയകക്ഷി ചർച്ചയിൽ ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെട്ടില്ലെന്നാണ് സൂചന. മറിച്ച് കോൺഗ്രസും ലീഗും തമ്മിൽ സീറ്റുകൾ വച്ചുമാറുന്ന കാര്യം പരിഗണനയിലുണ്ട്. തിരുവമ്പാടി, ഗുരുവായൂർ, കളമശ്ശേരി എന്നീ മണ്ഡലങ്ങളിൽ സീറ്റ് വച്ച് മാറ്റമാണ് പരിഗണനയിലുള്ളത്. ഈ സീറ്റുകൾ കോൺ​ഗ്രസിന് നൽകി പകരം തവനൂർ, പട്ടാമ്പി, കൊച്ചി എന്നീ സീറ്റുകൾ ലീ​ഗ് വച്ചുമാറും.

SCROLL FOR NEXT