കലാമണ്ഡലം സത്യഭാമ, ആർഎല്‍വി രാമകൃഷ്ണന്‍ Source: Facebook
KERALA

ആർഎല്‍വി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ അപകീർത്തി കേസ്; തുടർനടപടികള്‍ റദ്ദാക്കി ഹൈക്കോടതി

നേരത്തെ ആർഎൽവി രാമകൃഷ്ണനെതിരെ വർണാധിക്ഷേപം നടത്തിയതിനെ തുടർന്ന് സത്യഭാമയ്‌ക്കെതിരെ കേസെടുത്തിരുന്നു

Author : ന്യൂസ് ഡെസ്ക്

നർത്തകരായ ആർഎൽവി രാമകൃഷ്ണൻ, യു. ഉല്ലാസ് എന്നിവർക്കെതിരെ നൃത്താധ്യാപിക കലാമണ്ഡലം സത്യഭാമ നൽകിയ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. സത്യഭാമയുടെ സ്വകാര്യ അന്യായത്തെ തുടർന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെടുത്ത കേസിലെ തുടർനടപടികളാണ് റദ്ദാക്കിയത്. രാമകൃഷ്ണനും ഉല്ലാസും നൽകിയ ഹർജി അനുവദിച്ച് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് നടപടി.

നേരത്തെ ആർഎൽവി രാമകൃഷ്ണനെതിരെ വർണാധിക്ഷേപം നടത്തിയതിനെ തുടർന്ന് സത്യഭാമയ്‌ക്കെതിരെ കേസെടുത്തിരുന്നു. "പുരുഷനാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കിൽ നല്ല സൗന്ദര്യമുള്ള ആളാകണം, ചിലർ കാക്കയുടെ നിറമാണ്, പെറ്റ തള്ള സഹിക്കില്ല," തുടങ്ങിയ അധിക്ഷേപങ്ങളാണ് സത്യഭാമ നടത്തിയത്. പിന്നാലെ സത്യഭാമയ്‌ക്കെതിരെ രാമകൃഷ്ണൻ പരാതി നൽകുകയായിരുന്നു. ഈ പരാതിക്ക് പിന്നാലെയാണ് സത്യഭാമ സ്വകാര്യ അന്യായം നല്‍കിയത്.

അടുത്തിടെ നടി മല്ലികാ സുകുമാരനെതിരായ പ്രതികരണത്തിന് കലാമണ്ഡലം സത്യഭാമ സൈബർ ആക്രമണം നേരിട്ടിരുന്നു. ഇതിനു പിന്നാലെ തനിക്കെതിരെ കമന്റ് ചെയ്തവർക്ക് അധിക്ഷേപ വർഷവുമായി കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയിരുന്നു. തന്നെ വിമ‍ർശിച്ച ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞായിരുന്നു സത്യഭാമയുടെ അധിക്ഷേപം. ഫേസ്ബുക്ക് ലൈവിലാണ് സത്യഭാമ ഇത്തരത്തിൽ മറുപടി നൽകിയത്.

ആർഎൽവി രാമകൃഷ്ണനെ അപമാനിച്ചെന്ന പരാതിയെ തുടർന്ന് വിവാദത്തിലായ സത്യഭാമയെ ഡൂപ്ലിക്കേറ്റ് എന്ന് വിളിച്ച് മല്ലികാ സുകുമാരൻ പരിഹസിച്ചിരുന്നു. വിവാദത്തിലായ സത്യഭാമ ഡൂപ്ലിക്കേറ്റ് സത്യഭാമയാണ്, പലരും കരുതുന്ന സത്യഭാമ ടീച്ചർ മറ്റൊരാളാണെന്നുമായിരുന്നു മല്ലികയുടെ പ്രതികരണം. എന്നാൽ, തനിക്കെതിരെ സംസാരിച്ച മല്ലികയെ സത്യഭാമയും വിമർശിച്ചു. താൻ ഡൂപ്ലിക്കേറ്റാണ് എന്ന് പറയാൻ എന്ത് യോഗ്യതയാണ് മല്ലികയ്ക്കുള്ളത്, ആ പെണ്ണുംപിള്ളയ്ക്ക് എന്നാണ് കാറൊക്കെ ഉണ്ടായത് എന്നൊക്കെയായിരുന്നു സത്യഭാമയുടെ പ്രതികരണം.

SCROLL FOR NEXT