KERALA

"നിയമപരമായ അടിസ്ഥാനമില്ല"; ബിഎൽഎമ്മിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

അംഗങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ഗൂഢാലോചന പരാജയപ്പെട്ടതായി സൊസൈറ്റി

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ബിഎൽഎം മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പ്രഥമദൃഷ്ട്യാ നിലനിൽക്കാവുന്ന നിയമപരമായ അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയാണ് കോടതിയുടെ നടപടി. മലപ്പുറം തിരൂർ സ്വദേശിയായ അനൂപ് 2025 മാർച്ചിൽ അംഗത്വം നേടിയ ദിവസങ്ങൾക്കകം തന്നെ സിബിഐ അന്വേഷണം അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കോടതയിൽ ഹർജി സമർപ്പിച്ചതിന് പിന്നാലെ സിബിഐ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര ധനമന്ത്രാലയം, സിബിഡിടി ഉൾപ്പെടെ നിരവധി കേന്ദ്ര ഏജൻസികളെയും കക്ഷികളാക്കി ഹർജി വിപുലീകരിക്കുകയും ചെയ്തു. എന്നാൽ, നിയമപ്രകാരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യമില്ലെന്നും, ഹർജിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾ വ്യക്തമായ തെളിവുകളില്ലാത്ത പൊതുവായ ആരോപണങ്ങളും അനുമാനങ്ങളും മാത്രമാണെന്നും കോടതി വിലയിരുത്തി.

അംഗങ്ങൾക്കിടയിൽ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിച്ച് പുതിയ നിക്ഷേപങ്ങൾ തടസപ്പെടുത്തുകയും ബിഎൽഎമ്മിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിയമനടപടികൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ ഹൈക്കോടതിയുടെ വിധിയോടെ ആ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും ബിഎൽഎം ഫൗണ്ടർ ചെയർമാൻ ആർ. പ്രേംകുമാർ അറിയിച്ചു.

21 വർഷമായി പ്രവർത്തിക്കുന്ന ബിഎൽഎം ദക്ഷിണേന്ത്യയിലെ പ്രമുഖ മൾട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലൊന്നാണ്. അംഗങ്ങൾക്ക് നിക്ഷേപങ്ങൾക്ക് ലാഭവിഹിതത്തോടൊപ്പം ബോണസ്, ഇൻഷുറൻസ് പരിരക്ഷ, പെൻഷൻ ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കിവരുന്നതായും, പ്രത്യേകിച്ച് കേരളത്തിൽ സ്വീകരിച്ച നിക്ഷേപത്തേക്കാൾ കൂടുതലായ ആസ്തി സൊസൈറ്റിക്കുണ്ടെന്ന കാര്യം കോടതിയിൽ വ്യക്തമാക്കാൻ സൊസൈറ്റിക്ക് കഴിഞ്ഞതായും അധികൃതർ അറിയിച്ചു.

ഇതിന് മുമ്പും സമാന ആരോപണങ്ങളുമായി ഹൈക്കോടതിയെ സമീപിച്ച ഹർജികളിൽ പരാതികൾക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയ കോടതി ഹർജികൾ തള്ളിയിട്ടുണ്ടെന്നും, ഒരു കേസിൽ പരാതിക്കാരന് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നുവെന്നും സൊസൈറ്റി ഓർമ്മിപ്പിച്ചു. അടിമാലി, കാഞ്ഞാർ, തൊടുപുഴ, നെടുങ്കണ്ടം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നാല് എഫ്ഐആറുകളിലും പരാതികൾക്ക് അടിസ്ഥാനമില്ലെന്നും ആരോപിക്കപ്പെട്ട സംഭവങ്ങൾ നടന്നിട്ടില്ലെന്നും വ്യക്തമാക്കിയ പോലീസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി അവ റദ്ദാക്കിയിരുന്നു. എന്നിട്ടും റദ്ദാക്കിയ കേസുകൾ വീണ്ടും വീണ്ടും ഉയർത്തിക്കാട്ടി അംഗങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ തുടരുന്നതായും സൊസൈറ്റി ആരോപിച്ചു.

“വ്യാജപരാതികളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും പ്രചരിപ്പിച്ച് അംഗങ്ങളുടെ വിശ്വാസം തകർക്കാനും, സൊസൈറ്റിയിലേക്കുള്ള നിക്ഷേപങ്ങളുടെ ഒഴുക്ക് തടയാനും ചില താൽപര്യക്കാർ സംഘടിതമായി ശ്രമിക്കുന്നു. എന്നാൽ സത്യവും നിയമവും ഒടുവിൽ വിജയിക്കുമെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഈ ഹൈക്കോടതി വിധി. ബിഎൽഎമ്മിന്റെ പ്രവർത്തനങ്ങൾ നിയമാനുസൃതവും സുതാര്യവുമാണ്. ഏത് നിയമപരമായ അന്വേഷണത്തെയും ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു,” എന്ന് ബിഎൽഎം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വി.പി. സൈദലവി പറഞ്ഞു. തൃശ്ശൂരിലെ രാ​ഗം തിയേറ്റർ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സമർപ്പിച്ച മറ്റൊരു ഹർജിയും പിന്നീട് പരാതിക്കാരൻ പിൻവലിച്ചതായും സൊസൈറ്റി അറിയിച്ചു.ഈ കേസിൽ സൊസൈറ്റിക്ക് വേണ്ടി അഡ്വ. ആസിഫ് അലി, അഡ്വ. ഷിഹാബുദ്ധീൻ ടി., അഡ്വ. ഷജിൻ ഹമീദ് എന്നിവർ ഹൈക്കോടതിയിൽ ഹാജരായി.

SCROLL FOR NEXT