എറണാകുളം: സിഎംആർഎൽ-എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഇ.ഡി അന്വേഷണ തുടരാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സിഎംആർഎല്ലിന്റെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി. സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ രണ്ട് ആഴ്ചത്തേക്ക് ഈ ഉത്തരവ് തടയണമെന്ന സിഎംആർഎൽ അഭിഭാഷകൻ്റെ ആവശ്യവും കോടതി തള്ളി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ല എന്ന സിഎംആർഎല്ലിൻ്റെ വാദം ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും ആണ് കോടതിയെ സമീപിച്ചത്.
2024ൽ രജിസ്റ്റർ ചെയ്ത ഇസിഐആർ തുടർ നടപടികൾ, ഏപ്രിൽ എട്ടിന് അയച്ച സമൻസ് എന്നിവ റദ്ദാക്കണമെന്നായിരുന്നു സിഎംആർഎൽ നൽകിയ അപ്പീലിലെ ആവശ്യം. ഈ വാദങ്ങളെല്ലാം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളുകയാണ്. ഇ.ഡി അന്വേഷണത്തിന് അടിസ്ഥാനമായ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഏതെങ്കിലും ഏജൻസിയുടെ എഫ്ഐആർ ഇല്ലാതെ ഇ.ഡിക്ക് മുന്നോട്ടുപോകാനാകില്ലെന്നുമായിരുന്നു സിഎംആർഎല്ലിൻ്റെ പ്രധാനവാദം. എന്നാൽ എഫ്ഐആർ ഇല്ലെങ്കിൽ കൂടിയും ഒരു കള്ളപ്പണ ഇടപാട് നടന്നോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഇഡിക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
നേരത്തെ സിംഗിൾ ബെഞ്ചിലും സമാനമായ ഒരു ഇടപെടലിന് സിഎംആർഎൽ ശ്രമിച്ചിരുന്നു. അന്വേഷണം തുടരാമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ സിഎംആർഎൽ അഭിഭാഷകർ കോടതിയിൽ അവകാശപ്പെട്ടത് തങ്ങൾക്ക് മേൽക്കോടതിയിൽ അപ്പീൽ പോകണമെന്നും ഇത് തടയണമെന്നുമായിരുന്നു. പക്ഷേ അങ്ങനെ ഒരു ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. ഇ.ഡിക്ക് റെയ്ഡ് തുടരാമെന്ന് പറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിൻ്റെ വീട്ടിലുൾപ്പടെ 12 ഇടങ്ങളിൽ ഇ.ഡി പരിശോധന നടത്തിയത്.
അന്വേഷണം തുടരാമെന്ന കോടതി ഉത്തരവ് വന്നതിനാൽ തന്നെ തുടർനടപടികൾ വേഗത്തിലാക്കാനാകും ഇ.ഡിയുടെ നീക്കം. കേസിൽ വീണ ടി.യെ ചേദ്യം ചെയ്യാനായി സമൻസ് അയക്കൽ അടക്കമുള്ള നടപടികളിലേക്ക് ഏജൻസി കടന്നേക്കും. കോടതി ഉത്തരവ് പരിശോധിച്ചാകും തുടര്‍നടപടിയെന്ന് നേരത്തെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. കേസില്‍ സിഎംആര്‍എല്‍ ഒഴികെയുള്ള പ്രതികളുടെ ചോദ്യം ചെയ്യലിന് തടസങ്ങളില്ലെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.