കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിലവിലുള്ള ദേവസ്വം ബോർഡിൻ്റെ പങ്കുണ്ടോ എന്ന സംശയം ഉന്നയിച്ച് ഹൈക്കോടതി. തിരുവതാംകൂർ ദേവസ്വം ബോർഡിൻ്റെ മിനുട്സ് ബുക്കിൽ പിശകുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. 2025ൽ സ്വർണപാളി കൈമാറിയ സംബന്ധിച്ച് മിനുട്സിൽ രേഖപെടുത്തിയിട്ടില്ല. അന്വേഷണ സംഘം സമർപ്പിച്ച രണ്ടാമത്തെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. മിനുട്സ് ബുക്കിൻ്റെ പകർപ്പ് അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു.
പല കാര്യങ്ങളും മിനുട്സില്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വന്നു. സ്വര്‍ണപ്പാളിയുടെ അളവെടുക്കാന്‍ നന്ദന്‍ എന്നയാളെ പോറ്റി നിയോഗിച്ചു. സ്വര്‍ണപ്പാളി ഇളക്കിമാറ്റിയാണ് നന്ദന്‍ അളവെടുത്തത്. നട തുറന്നിരുന്ന സമയത്താണ് അളവെടുത്തത്. വാതിൽ പാളിയുടെ അറ്റകുറ്റ പണിയിലും ക്രമക്കേടുണ്ടായെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് അമിത സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്.
അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും കോടതി വ്യക്തമാക്കി.വിഷയത്തിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന് എസ്ഐടി കോടതിയിൽ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥരായ എഡിജിപി എച്ച്. വെങ്കിടേഷും എസ്പി ശശിധരനുമാണ് ഹൈക്കോടതിയിൽ എത്തിയത്. അടച്ചിട്ട മുറിയിലാണ് വാദം നടന്നത്.
കേസിൽ അഴിമതി നിരോധന നിയമം ബാധകുമോയെന്ന് എസ്ഐടി പരിശോധിക്കണം. വിഷയത്തിൽ ദേവസ്വം ബോർഡിനും പങ്കെന്ന് സംശയമുണ്ട്. ശ്രീകോവിലിൻ്റെ സ്വർണം പൊതിഞ്ഞ പ്രധാന വാതിൽ പോറ്റിക്ക് നൽകിയതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി അറിയിച്ചു. ഹർജി മൂന്നാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.