KERALA

"ആക്ഷേപം നിലനില്‍ക്കുമെന്ന് ബോധ്യപ്പെടുന്നില്ല"; പിആര്‍ഡി പത്രപരസ്യത്തിനെതിരായ കോണ്‍ഗ്രസ് ഹര്‍ജിയിൽ ഹൈക്കോടതി

എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പിആര്‍ഡിയുടെ വിവാദ പത്രപരസ്യത്തിനെതിരായ കോണ്‍ഗ്രസ് ഹര്‍ജിയിൽ പറയുന്ന ആക്ഷേപം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് ബോധ്യപ്പെടുന്നില്ലെന്ന് ഹൈക്കോടതി. എറണാകുളം ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് നല്‍കിയ ഹര്‍ജിയിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിൻ്റേതാണ് നടപടി. ആവശ്യം പൊതുതാല്‍പ്പര്യ ഹര്‍ജിയിലൂടെ ഉന്നയിക്കാനാകുമോ എന്ന് ആദ്യം പരിശോധിക്കുമെന്ന് അറിയിച്ച കോടതി പിആര്‍ഡി രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്ന ആവശ്യത്തിന് അനുമതി നൽകിയില്ല. മറുപടി നല്‍കാന്‍ കോടതി സര്‍ക്കാരിന് 10 ദിവസം സമയം നല്‍കിയിട്ടുണ്ട്.

മാർച്ച് 5ലെ പത്രത്തിലാണ് യുഡിഎഫ് ഭരണകാലത്തെ വിമർശിച്ചും, പിണറായി സർക്കാരിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുമുള്ള പരസ്യം സംസ്ഥാന സർക്കാർ നൽകിയത്. വാർത്താരൂപത്തിൽ ഫുൾ പേജ് പരസ്യമാണ് ഒന്നും രണ്ടും പേജുകളിൽ ഇടംപിടിച്ചത്. ഇംഗ്ലീഷ് ദിനപത്രങ്ങളിലും മലയാളത്തിൽ പിആർഡിയുടെ പരസ്യം ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഇന്നുമുതൽ ലോഡ് ഷെഡ്ഡിങ്, പൂട്ടലിൻ്റെ വക്കിൽ കെഎസ്ആർടിസി, 40 ശതമാനം സ്കീളുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, സാമ്പത്തിക വർഷത്തിൻ്റെ അവസാന ദിവസം ട്രഷറി കാലി, പെൻഷനുകൾ മുടങ്ങിയിട്ട് 18 മാസം, എങ്ങുമെത്താത്ത ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, എന്നീ തലക്കെട്ടുകളാണ് ആദ്യ പേജുകളിൽ ഇടംപിടിച്ചത്.

കേരളത്തിൻ്റെ വെളിച്ച വിപ്ലവം, പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുംമുമ്പേ, ശമ്പള പരിഷ്കരണ കമ്മീഷൻ, മുടങ്ങാത്ത പെൻഷൻ കൈനിറയേ ക്ഷേമം, 111 സ്കൂൾ കെട്ടിടങ്ങൾ കൂടി പൂർത്തിയായി, കെഎസ്ആർടിസിയുടെ തിരിച്ചെഴുന്നള്ളത്ത്, കേരളത്തിൻ്റെ സൂപ്പർ പവർഹൈവേ, ദേശീയപാത വികസനം പൂർണതയിലേക്ക് എന്നിവയാണ് സർക്കാരിൻ്റെ നേട്ടങ്ങളായി രണ്ടാം പേജിൽ ഇടംപിടിച്ചവ. ഇതിനെതിരെ കടുത്ത വിമർശനങ്ങൾ അന്നേ ദിവസം മുതൽ തന്നെ ഉടലെടുത്തിരുന്നു.

SCROLL FOR NEXT