KERALA

എന്തിന് കേന്ദ്ര ഏജൻസിയെ എത്തിക്കണം? ശബരിമല സ്വര്‍ണക്കൊള്ളയിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിനെതിരെ ഹൈക്കോടതി

ഏത് കേസിലാണ് സിബിഐ മികച്ച രീതിയില്‍ അന്വേഷണം നടത്തിയതെന്നും കോടതി ചോദിച്ചു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിനെതിരെ ഹൈക്കോടതി. എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അടുത്ത കാലത്തുള്ള അഞ്ച് കേസിന്റെ നമ്പര്‍ പറയാമോ എന്നും കോടതി പറഞ്ഞു. ഏത് കേസിലാണ് സിബിഐ മികച്ച രീതിയില്‍ അന്വേഷണം നടത്തിയതെന്നും കോടതി ചോദിച്ചു. രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത്, അഖിലതന്ത്രി പ്രചാരക സഭ ഉൾപ്പെടെയുള്ളവരുടെ ഹർജിയിലാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിൻ്റെ ചോദ്യം.

തിരുവിതാംകൂര്‍-കൊച്ചി മതസ്ഥാപന നിയമം എന്നൊരു നിയമമുണ്ട്. നിയമത്തില്‍ കുറച്ച് വ്യവസ്ഥകളും ഉണ്ടെന്നും ഹര്‍ജിക്കാരോട് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഒരുമിച്ച് പരിഗണിക്കും. ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം ലഭിച്ച ശേഷം വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. എന്നാൽ എസ്‌ഐടിയുടെത് ഏറ്റവും വിശ്വാസ്യയോഗ്യമായ അന്വേഷണമാണെന്നും സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ് സിബിഐയില്‍ ഡെപ്യൂട്ടേഷനില്‍ പോകുന്നതെന്നും നേരത്തെ ഹർജി പരി​ഗണിച്ചപ്പോൾ ഹൈക്കോടതി പറഞ്ഞിരുന്നു. അതിസങ്കീര്‍ണവും അസാധാരണവുമായ കേസാണ് ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച. കൊലപാതകം, മര്‍ദനം എന്നീ കേസുകൾ പോലെ വേഗത്തില്‍ പൂര്‍ത്തിയാക്കാവുന്ന അന്വേഷണമല്ല ഈ കേസിലേതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, കേസിൽ ഹൈക്കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് ഹൈക്കോടതിയെ സിബിഐ നിലപാട് അറിയിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

SCROLL FOR NEXT