ഹൈക്കോടതി, സഹദ്-സിയ ദമ്പതിമാർ 
KERALA

ചരിത്ര വിധിയുമായി ഹൈക്കോടതി; ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ 'രക്ഷിതാക്കൾ' എന്ന് ഒരുമിച്ച് ചേര്‍ക്കാം

സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ മാതാപിതാക്കളായ സഹദും സിയയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്

Author : ന്യൂസ് ഡെസ്ക്

ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ 'അച്ഛന്‍', 'അമ്മ' എന്നീ പേരുകള്‍ക്ക് പകരം 'രക്ഷിതാക്കള്‍' എന്ന് ഒരുമിച്ച് ചേര്‍ക്കാമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ മാതാപിതാക്കളായ സഹദും സിയയും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ഉത്തരവ്.

ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ പരിഷ്‌കരണം ആവശ്യപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷനില്‍ അപേക്ഷ നല്‍കിയെങ്കിലും ആവശ്യം നിസരിച്ചിരുന്നു. തുടര്‍ന്നാണ് കോര്‍പറേഷന്‍ നടപടി ചോദ്യം ചെയ്ത് കോഴിക്കോട് സ്വദേശികളായ സഹദും സിയയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ജറിയിലൂടെ ട്രാന്‍സ് പുരുഷനായി മാറുന്നതിന് മുമ്പാണ് സ്വന്തമായി കുഞ്ഞ് എന്ന ചിന്ത സഹദിലേക്ക് വരുന്നത്. അതിനാല്‍ ഗര്‍ഭപാത്രം നീക്കുന്നതിന് മുമ്പ് ഗര്‍ഭിണിയാവാന്‍ തയ്യാറാവുകയായിരുന്നു. സിയയും സ്ത്രീയായി മാറുന്നതിന് മുമ്പ് ഇരുവരും കുഞ്ഞ് എന്ന ആഗ്രഹത്തിലേക്ക് എത്തുകയായിരുന്നു.

എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് സിയ പാവല്‍ എന്നും അമ്മയുടെ പേര് സഹദ് എന്നും രേഖപ്പെടുത്തിയാണ് കോര്‍പറേഷന്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തത്. എന്നാല്‍ അച്ഛന്റെയും അമ്മയുടെയും പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കാതെ പുതിയ ജനന സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്ന് പ്രത്യേകം ചേര്‍ക്കുന്നത് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലുള്ളവരോടുള്ള വിവേചനമാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. പത്മ ലക്ഷ്മി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഹര്‍ജിക്കാരുടെ ആവശ്യത്തെ വാദത്തിനിടെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.

SCROLL FOR NEXT