Source: Social media
KERALA

ശബരിമല സ്വർണക്കൊള്ള: എസ്ഐടി അന്വേഷണം മികച്ചത്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി

അന്വേഷണ സംഘത്തിന് കുറച്ച് സമയം അനുവദിക്കണമെന്നും ഹൈക്കോടതി ഹർജിക്കാരോട് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ എസ്ഐടി അന്വേഷണത്തെ പ്രശംസിച്ച് ഹൈക്കോടതി. എസ്ഐടി മികച്ച അന്വേഷണമാണ് നടത്തുന്നത്. ശാസ്ത്രീയ പരിശോധന ഫലം ഇല്ലാതെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാകില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു കോടതിയുടെ പരാമർശം. അന്വേഷണ സംഘത്തിന് കുറച്ച് സമയം അനുവദിക്കണമെന്നും ഹൈക്കോടതി ഹർജിക്കാരോട് പറഞ്ഞു.

ഇന്ത്യയിൽ ലഭ്യമായ രണ്ട് പ്രശസ്തമായ ലാബുകളിലേക്കാണ് സാമ്പിളുകൾ അയച്ചിരിക്കുന്നത്. ശാസ്ത്രീയ പരിശോധന ഫലം ഇല്ലാതെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാകില്ല. രാജ്യത്തെ പ്രഗൽഭരായ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. കോടതിയുടെ മേൽനോട്ടവുമുണ്ട്. വിചാരണക്കോടതി ജാമ്യം അനുവദിച്ച് കൊണ്ട് നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടാകാമെന്നും ഹൈക്കോടതി ഹർജിക്കാരോട് പറഞ്ഞു.

നേരത്തെ സമാന ഹർജി പരി​ഗണിച്ചപ്പോഴും ഹൈക്കോടതി ഇതേ കാര്യം വ്യക്തമാക്കിയിരുന്നു. ഏറ്റവും വിശ്വാസ്യയോഗ്യമായ അന്വേഷണമാണ് എസ്ഐടിയുടേതെന്നും സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ് സിബിഐയില്‍ ഡെപ്യൂട്ടേഷനില്‍ പോകുന്നതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. അതിസങ്കീര്‍ണവും അസാധാരണവുമായ കേസാണ് ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച. കൊലപാതകം, മര്‍ദനം എന്നീ കേസുകൾ പോലെ വേഗത്തില്‍ പൂര്‍ത്തിയാക്കാവുന്ന അന്വേഷണമല്ല ഈ കേസിലേതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, കേസിൽ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയില്‍ അപ്പീല്‍ സമർപ്പിച്ചു. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമര്‍ശം റദ്ദാക്കണം. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും കണ്ഠരര് രാജീവരര്‍ക്ക് എതിരായ തെളിവുകള്‍ ഉണ്ടെന്നും എസ്‌ഐടി കോടതിയിൽ പറഞ്ഞു.

SCROLL FOR NEXT