അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് ആശ്വാസം. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ തുടര്‍ നടപടികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും ഹൈക്കോടതി പറഞ്ഞു.
എഡിജിപിക്കെതിരായ കേസ് ജൂനിയര്‍ ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത് സുതാര്യ നടപടിയല്ലെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. തുടര്‍ന്നാണ് എംആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ നടപടികള്‍ ഹൈക്കോടതി തടഞ്ഞത്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ നടപടി. സല്യൂട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥന്‍ എങ്ങനെയാണ് എഡിജിപിയെ ചോദ്യം ചെയ്യുകയെന്നും ഹൈക്കോടതി വിജിലന്‍സിനോട് ചോദിച്ചു.
അതേസമയം എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം നടത്തിയത് വിജിലന്‍സ് ഡിവൈഎസ്പിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കി. എസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയതെന്നും സര്‍ക്കാരിന്റെ വിശദീകരണം.
ക്ലീന്‍ ചിറ്റ് റദ്ദാക്കിയ ഉത്തരവില്‍ വിജിലന്‍സ് കോടതി മുഖ്യമന്ത്രിക്കെതിരെ നടത്തിയ നിരീക്ഷണങഅള്‍ അനുചിതമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അജിത് കുമാറിന്റെ ഹര്‍ജി സെപ്തംബര്‍ 12ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
അതേസമയം തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തിലും എംആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടി വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു തീരുമാനം. മുന്‍ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പുതിയ ശുപാര്‍ശ എഴുതി ചേര്‍ക്കുകയും ചെയ്തിരുന്നു.
എം.ആര്‍. അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റിയതിനാലാണ് കുടത്ത നടപടികളിലേക്ക് കടക്കേണ്ടെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. താക്കീത് നല്‍കി അന്വേഷണം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന.