കൊച്ചി: സിഎംആർഎൽ- എക്സാലോജിക് കേസിൽ ഇഡി നടപടികൾ വെള്ളിയാഴ്ച വരെ സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇ ഡി അന്വേഷണം ചോദ്യം ചെയ്തുള്ള ഹർജി തള്ളിയ സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീലിലാണ് ഹൈക്കോടതി വിധി. ഹർജിയിൽ വെള്ളിയാഴ്ച വിധി പറയും. എക്സാലോജിക് കേസിലെ ഇഡി അന്വേഷണത്തിന് എതിരായ ഹർജിയിൽ വാദം കേട്ടശേഷമാണ് ഹൈക്കോടതി വിധി പറയാൻ മാറ്റിയത്.
വീണ ടി. യുടെ എക്സാലോജിക് കമ്പനി പണം സ്വീകരിച്ചത് ഒരു സേവനവും ചെയ്യാതെയെന്ന് ഇഡി വാദിച്ചു. വിവര ശേഖരണത്തിന് സമൻസ് അയയ്ക്കാൻ അധികാരം ഉണ്ടെന്നും ഇഡി വാദിച്ചു. ഇഡി അധികാര പരിധി ലംഘിച്ചെന്നും അന്വേഷണം തുടങ്ങുമ്പോൾ എഫ്ഐആർ ഉണ്ടായിരുന്നില്ലെന്നും ആണ് സിഎംആർഎൽ വാദം. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2024-ൽ രജിസ്റ്റർ ചെയ്ത ഇസിഐആറിലെ തുടർനടപടികൾ, ഏപ്രിൽ 8-ന് അയച്ച സമൻസ് എന്നിവ റദ്ദാക്കണമെന്നാണ് സിഎംആഎൽ നൽകിയ അപ്പീലിലെ ആവശ്യം . ഇഡി കേസ് രജിസ്റ്റർ ചെയ്യുമ്പോഴോ സമൻസ് അയക്കുമ്പോഴോ നിയമപ്രകാരം നിലനിൽക്കുന്ന മറ്റ് കുറ്റകൃത്യങ്ങളോ എഫ്ഐആറോ പരാതിയോ ഉണ്ടായിരുന്നില്ല. അതിനാൽ ഇഡി നടപടികൾ അധികാര പരിധിക്ക് പുറത്താണ്. കമ്പനിക്കെതിരെ എസ്എഫ്ഐഒ പരാതി നൽകിയിട്ടുണ്ടെന്നും ഇത് കള്ളപ്പണ നിരോധന നിയമപ്രകാരം കുറ്റകരമാണ് എന്നുമായിരുന്നു ഇഡിയുടെ വാദം. എന്നാൽ വിധി പറയാൻ മാറ്റിവെച്ച ശേഷം ഇഡി നൽകിയ അധിക സത്യവാങ്മൂലങ്ങളിൽ മറുപടി നൽകാൻ അവസരം ലഭിച്ചില്ലെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
ഏതാനും ദിവസം മുൻപാണ് സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകൾ അടക്കം 12 ഇടത്ത് ഇഡി റെയ്ഡ് നടത്തിയത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. റെയ്ഡിനിടെ വീണയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ നിന്ന് വീണയുടെ സ്ഥിര നിക്ഷേപത്തിൻ്റെ രേഖകൾ ഇഡി പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ ഇഡി വീണയുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു.