കൊച്ചി: മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. നിയമത്തിൽ വ്യവസ്ഥയില്ലെന്ന് പറഞ്ഞ് ആരെയാണ് വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു . ദുരിതബാധിതർക്കെതിരായ ജപ്തി നടപടികൾ കോടതി സ്റ്റേ ചെയ്തു. വിഷയത്തിൽ ബാങ്കുകളെ കക്ഷി ചേർത്തിരിക്കുകയാണ് ഹൈക്കോടതി.
ആർബിഐ മാർഗ നിർദേശങ്ങളിൽ വായ്പ എഴുതി തള്ളാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രത്തിൻ്റെ വാദം. വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കേന്ദ്രത്തിൻ്റെ സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ വായ്പ എഴുതിത്തള്ളാന്‍ മനസുണ്ടോ എന്നതാണ് പ്രശ്‌നമെന്ന് കോടതി പറഞ്ഞു. ബാങ്കുകൾ ബാങ്കുകൾ ബ്ലൂ പ്രിന്റ് തയ്യാറാക്കി സർക്കാരുമായി സഹകരിച്ചു ജപ്തി നടപടികൾ സ്റ്റേ ചെയ്യണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
779 ദുരന്ത ബാധിതര്‍ക്കായി 46 ബാങ്കുകളില്‍ 30 കോടിയോളം രൂപയാണ് കടബാധ്യതയുള്ളത്. തൊഴില്‍ നഷ്ടപ്പെട്ട് വാടക വീടുകളില്‍ കഴിയുന്ന ഇവര്‍ക്ക് കടം തിരിച്ചടയ്ക്കാനുള്ള ശേഷിയില്ല. കോടതി ഇടപെടലില്‍ ആശ്വാസണ്ടാകുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. 73 പേര്‍ ഭവന വായ്പയും, 136 പേര്‍ വാഹന വായ്പയും, 214 പേര്‍ സ്വര്‍ണ വായ്പയുമാണെടുത്തത്. 123 സ്വകാര്യ വായ്പകളും 23 കാര്‍ഷിക വായ്പകളും ദുരന്ത ബാധിതര്‍ക്കുണ്ട്. യഥാര്‍ഥ കണക്ക് ഇതിലും കൂടുമെന്നാണ് വിലയിരുത്തല്‍.
നേരത്തെ കേരള ബാങ്ക് ദുരന്ത ബാധിതരുടെ 3.85 കോടിയോളം രൂപ എഴുതിത്തള്ളിയിരുന്നു. കട ബാധ്യത തുടരുന്നത് സിബില്‍ സ്‌കോറിനെ ബാധിക്കുമെന്നും പിന്നീട് വായ്പയെടുക്കാന്‍ സാധിക്കാത്ത സാഹചര്യമാകുമോയെന്നും ദുരന്ത ബാധിതര്‍ക്ക് ആശങ്കയുണ്ട്. ഹൈക്കോടതി വിഷയത്തില്‍ കൃത്യമായി ഇടപെടുന്നത് മാത്രമാണ് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം.