തന്ത്രി കണ്ഠരര് രാജീവരർ 
KERALA

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

സർക്കാർ നൽകിയ അപ്പീലിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശം.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. കേസിൽ വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തന്ത്രിക്ക് സ്വർണക്കൊളളയിൽ പങ്കുണ്ടെന്ന വിജിലൻസ് കോടതിയുടെ പരാമർശം നീക്കാം എന്നും ഹൈക്കോടതി സിം​ഗിൾ ബെഞ്ച് പറഞ്ഞു. സർക്കാർ നൽകിയ അപ്പീലിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശം. സർക്കാരിൻ്റെ അപ്പീൽ ബുധനാഴ്ച്ചത്തേക്ക് മാറ്റി.

സ്വർണക്കൊള്ള കേസിൽ തന്ത്രിക്ക് ജാമ്യം അനുവദിച്ച കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവിലാണ് എസ്ഐടിക്ക് തിരിച്ചടിയുണ്ടാക്കുന്ന തരത്തിലുള്ള പരാമർശമുള്ളത്. തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലും ഇല്ലെന്നായിരുന്നു ആ പരാമർശം. ഇത് കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നതിനാലാണ് തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നും പരാമർശം നീക്കണമെന്നും ആവശ്യപ്പെട്ട് എസ്ഐടി ഹർജി സമർപ്പിച്ചത്. ഇതിലാണ് ഇപ്പോൾ കോടതിയുടെ നിരീക്ഷണം.

ഫെബ്രുവരി 18നാണ് കേസിൽ ജാമ്യം ലഭിച്ച തന്ത്രി കണ്ഠരര് രാജീവര് ജയിൽ മോചിതനായത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം, തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തെളിവുകളിലുള്ള അപര്യാപ്തത എന്നിവ പരിഗണിച്ച് കർശന ഉപാധികളോടെയാണ് വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പ സ്വര്‍ണ മോഷണ കേസുകളിൽ ജയിലിലായി നാല്പത്തിയൊന്നാം ദിവസമാണ് തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം ലഭിച്ചത്. കേസിൽ സ്വാഭാവികമല്ലാത്ത ജാമ്യം ലഭിച്ച പ്രതിയാണ് ന്ത്രി എന്നതും ശ്രദ്ധേയമാണ്.

SCROLL FOR NEXT