എറണാകുളം: ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കളമശേരിയിൽ അതീവ സുരക്ഷ പ്രഖ്യാപിച്ചു. എൻഐഎയെയും കേന്ദ്ര സേനയെയും നിരീക്ഷണത്തിന് ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകാല സംഭവങ്ങളുടെ പശ്‌ചാത്തലത്തിലാണ് തീരുമാനം.
ഡൽഹി സ്ഫോടനത്തിന് പിന്നാലെ രാജ്യമെമ്പാടും അതീവ ജാഗ്രതയിലാണ്. പ്രധാന നഗരങ്ങളിൽ എല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വ്യാപക പരിശോധന നടത്തുന്നുണ്ട്. സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ വിവരമറിയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അറിയിച്ചിട്ടുണ്ട്.
അതേസമയം, ഡൽഹി സ്ഫോടനത്തിൽ കേന്ദ്ര സർക്കാർ ഒൻപത് മരണം സ്ഥിരീകരിച്ചു. മുപ്പതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വാഹനങ്ങൾ കത്തിയമർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഉടൻ ചേരും.
സ്ഫോടനം ഭീകരാക്രമണമാണെന്ന നിഗമനത്തിലാണ് പൊലീസ്. പൊട്ടിത്തെറിച്ച കാറിലുണ്ടായിരുന്നത് ഫരീദാബാദ് ഭീകരസംഘത്തിലെ ഉമർ മുഹമ്മദ് ആണെന്ന സംശയമുണ്ട്. സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തി. യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. ഡൽഹി പൊലീസിൻ്റെ കസ്റ്റഡിയിലുള്ള നാല് പേരെ ചോദ്യം ചെയ്യുകയാണ്.