ആലപ്പുഴ: ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങൾ ഉള്ള സ്കൂളിൽ പ്രവേശനോത്സവ ഉദ്ഘാടനത്തിനെത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആലപ്പുഴ കാർത്തികപ്പള്ളി ഗവൺമെൻ്റ് യുപി സ്കൂളിലെ ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ കുട്ടികളെ ഇരുത്തി എന്നും ആരോപണം.
കാർത്തിപ്പള്ളി സ്കൂളിനോട് ചേർന്ന് ഒരു പുതുക്കിയ കെട്ടിടമുണ്ട്. ആ കെട്ടിടത്തിൽ മാത്രമാണ് കുട്ടികളെ ഇരുത്തി പഠിപ്പിക്കാൻ അനുമതിയുള്ളത്. പഴയ കെട്ടിടത്തിന് ഫിറ്റ്നസില്ല. കെട്ടിടം പൊളിച്ചുമാറ്റണമെന്ന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നടക്കം നേരത്തെ പറഞ്ഞിട്ടുള്ളതാണ്. പക്ഷെ ഇതുവരെയും സ്കൂൾ അധികൃതർ സ്കൂൾ പൊളിച്ചുമാറ്റാൻ തയ്യാറായിട്ടില്ല. പുതിയ കെട്ടിടത്തിൽ കുട്ടികൾ കൂടുതൽ വരുമ്പോൾ കുട്ടികളെ പഴയ കെട്ടിടത്തിലേക്ക് മാറ്റി ഇരുത്തി ക്ലാസുകൾ നടത്തുന്ന സാഹചര്യമുണ്ടെന്ന ആരോപണവും നിലനിൽക്കുന്നുണ്ട്. അത്തരത്തിൽ ആരോപണം നിലനിൽക്കുന്ന സ്കൂളിലേക്കാണ് ആഭ്യന്തരമന്ത്രി ഈ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാൻ വേണ്ടി എത്തിയതെന്ന കാര്യമാണ് പ്രദേശവാസികൾ ഉൾപ്പടെ ഉന്നയിക്കുന്നത്.
അതേസമയം, പ്രതിഷേധം മുന്നിൽ കണ്ട് എസ്എഫ്ഐ പ്രവർത്തകരെ കരുതൽ തടങ്കലിലിലെടുത്തു. എന്നാൽ, കുട്ടികൾക്ക് മിഠായി നൽകാനാണ് എത്തിയതെന്ന് എസ്എഫഐ പ്രവർത്തകർ പ്രതികരിച്ചു. പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ആലപ്പുഴയിൽ തന്നെ രണ്ടാമത്തെ സർക്കാർ സ്കൂളിലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന വാദം ഉയർന്നുവരുന്നത്. ഇതിന് മുൻപ് എടത്വയിലും ഇത്തരത്തിൽ വാദം ഉയർന്നിരുന്നു.