Source: News Malayalam 24x7
KERALA

തർക്കഭൂമിയിൽ അഞ്ച് സെൻ്റിൽ വീട് വച്ച് നൽകും; മലയിടംതുരുത്ത് ഭൂപ്രശ്നത്തിന് പരിഹാരം

1000 ചതുരശ്ര അടിയിൽ കുറയാത്ത വീട് കുടുംബങ്ങൾക്ക് സർക്കാർ തന്നെ മുൻകൈ എടുത്ത് പണിയും...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: മലയിടംതുരുത്ത് പാരിയത്തുകാവിലെ ഭൂപ്രശ്നത്തിന് പരിഹാരം. ദളിത് കുടുംബങ്ങളെ കുടിയിറക്കില്ലെന്ന് മന്ത്രി റോജി എം. ജോൺ. സർക്കാർ നിർദേശം ഇരുകൂട്ടരും അംഗീകരിച്ചു. ഉന്നതിയിലെ താമസക്കാർക്ക് തർക്കഭൂമിയിൽ അഞ്ച് സെന്റിൽ വീട് വച്ച് നൽകും. നിർമാണം പൂർത്തിയാകും വരെ നിലവിലുള്ള വീടുകളിൽ താമസിക്കുന്നതിനും ധാരണ. കളക്ടറുടെ നേതൃത്വത്തിൽ നടന്ന മൂന്ന് മണിക്കൂർ നീണ്ട യോഗത്തിന് ശേഷമാണ് തീരുമാനം.

1000 ച.ശ്ര. അടിയിൽ കുറയാത്ത വീട് കുടുംബങ്ങൾക്ക് സർക്കാർ തന്നെ മുൻകൈ എടുത്ത് പണിയും. ഒരു വർഷത്തിനുള്ളിൽ തന്നെ വീടുകൾ പണിഞ്ഞു നൽകും. വീടുകളുടെ നിർമാണം പൂർത്തിയാകുന്നത് വരെ നിലവിൽ ഉള്ള വീടുകളിൽ കഴിയാനുള്ള സാവകാശം നൽകും. വ്യവസ്ഥകൾ ഒക്കെ കൃത്യമായി പറഞ്ഞ് കരാർ ഉണ്ടാക്കും. കരാർ വ്യവസ്ഥകൾ നടപ്പാക്കുന്നു എന്ന് ഉറപ്പ് വരുത്താൻ ജില്ലാ ഭരണകൂടത്തിൻ്റെ ഭാഗത്ത് നിന്ന് ആർഡിഒ, ഡിവൈഎസ്പി എന്നിവരെ നിയോഗിക്കാനും തീരുമാനമായി.

സമരക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാമെന്ന ഉറപ്പ് നൽകിയതായി സജീന്ദ്രൻ എംഎൽഎ പ്രതികരിച്ചു. സമരം പൂർണമായും അവസാനിപ്പിച്ചു. ആ കുടുംബങ്ങൾക്ക് അവിടെ തന്നെ ജീവിക്കാനുള്ള അവകാശം നേടി കൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT