KERALA

ദേശീയ പാത വികസനം; ഇടപ്പള്ളിയിൽ റെയിൽവേ ട്രാക്കിന് മുകളിൽ കൂറ്റൻ ബോസ്ട്രിങ് ഗിർഡർ

തിരക്കേറിയ റെയിൽവേ പാതയ്ക്ക് മുകളിലൂടെയുള്ള ഭാഗങ്ങളിലാണ് ഈ നിർമാണ രീതി സ്വീകരിക്കാറുള്ളത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ജില്ലയിലെ ദേശീയപാത 66 (NH-66) വികസനത്തിൽ നിർണായക നാഴികക്കല്ല് പിന്നിട്ട് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI). കൊടുങ്ങല്ലൂർ–ഇടപ്പള്ളി ആറുവരിപ്പാതയുടെ വികസനത്തിന്റെ ഭാഗമായി, ഇടപ്പള്ളിയിലെ റെയിൽവേ ട്രാക്കുകൾക്ക് മുകളിലൂടെ 63.48 മീറ്റർ നീളമുള്ള കൂറ്റൻ സ്റ്റീൽ ബോസ്ട്രിങ് ഗിർഡർ വിജയകരമായി സ്ഥാപിച്ചു.

വലിയ തൂണുകളുടെ സഹായമില്ലാതെ തന്നെ നീളമുള്ള പാലങ്ങളെ താങ്ങിനിർത്താൻ സഹായിക്കുന്ന അമ്പെയ്ത്ത് വില്ലിന്റെ ആകൃതിയുള്ള പ്രത്യേക സ്റ്റീൽ ഘടനയാണ് 'ബോസ്ട്രിങ് ഗിർഡർ'. തിരക്കേറിയ റെയിൽവേ പാതയ്ക്ക് മുകളിലൂടെയുള്ള ഭാഗങ്ങളിലാണ് ഈ നിർമാണ രീതി സ്വീകരിക്കാറുള്ളത്.

ട്രെയിൻ ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ, രാത്രി ട്രെയിനുകൾ പ്രത്യേകമായി നിയന്ത്രിച്ച്, കൃത്യമായ ആസൂത്രണത്തോടെയാണ് ഈ കൂറ്റൻ ഘടന യഥാസ്ഥാനത്ത് സ്ഥാപിച്ചത്. ഇതോടെ കൊടുങ്ങല്ലൂർ–ഇടപ്പള്ളി ദേശീയപാത വികസനത്തിലെ നിർണായക ഘട്ടം കൂടിയാണ് പിന്നിട്ടിരിക്കുന്നത്. 26 കിലോമീറ്റർ പാതയിൽ ആകെ ഏഴ് വലിയ പാലങ്ങളും എട്ട് ചെറിയ പാലങ്ങളുമാണുള്ളത്. ഇതിലെ അവസാനത്തെ പ്രധാന നിർമാണമായിരുന്നു ഇടപ്പള്ളിയിലെ ഈ റെയിൽവേ മേൽപ്പാലം. ഇതോടെ ഈ പാതയിലെ വികസന പ്രവർത്തനങ്ങളുടെ 75 ശതമാനവും പൂർത്തിയായി.

ഇത്രയും വലിയ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻരാത്രികാല നിർമാണ പ്രവർത്തനങ്ങളോട് സഹകരിച്ച ഇന്ത്യൻ റെയിൽവേ, കേരള പൊലീസ്, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരോട് എൻഎച്ച്എഐ നന്ദി അറിയിച്ചു. എല്ലാവർക്കും സുരക്ഷിതവും സുഗമവുമായ യാത്രാസൗകര്യം ഒരുക്കുന്ന മികച്ച ദേശീയപാതകൾ നിർമിക്കാൻ എൻഎച്ച്ഐ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

SCROLL FOR NEXT