വയനാട്: റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ്റെ വയനാട്ടിലെ കുടുംബവീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 43 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. കൂടാതെ വീടിനുള്ളിൽ ഏഴ് ലിറ്റർ വൈനും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
തുടർന്ന് കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിൻ്റെ നിയമാനുസൃതമായ പരിധി മൂന്ന് ലിറ്ററും, വൈനിൻ്റെ പരിധി മൂന്നര ലിറ്ററുമാണ്.
കണ്ടെടുത്ത വിദേശമദ്യം വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണോ അതോ ഇന്ത്യൻ നിർമിത വിദേശമദ്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ എക്സൈസ് സംഘം പരിശോധിച്ച് വരികയാണ്. കൃത്യമായ ലൈസൻസോ താൽക്കാലിക അനുമതിയോ ഇല്ലാതെ വീട്ടിൽ ഇത്തരം വലിയ അളവിൽ മദ്യം സൂക്ഷിക്കുന്നതും വിതരണം ചെയ്യുന്നതും ഗുരുതരമായ നിയമലംഘനമാണ്.