കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയില്‍ രോഗികൾക്ക് കേടായ മരുന്ന് ലഭിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. താമരശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 29ന് കോഴിക്കോട് നടക്കുന്ന സിറ്റിംങ്ങിൽ കേസ് പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. ന്യൂസ് മലയാളം വാർത്തയെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ്റെ ഇടപെടൽ. ജൂലൈ 10, 11 തിയതികളിലാണ് പൂനൂർ സ്വദേശി പ്രഭാകരനും മകനും രണ്ട് തവണ ഉപയോഗശൂന്യമായ മരുന്നുകൾ ലഭിച്ചത്.
വടകരയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനായ പൂനൂര്‍ സ്വദേശി പ്രഭാകരന്‍ വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജൂലൈ 10 ആം തിയതി താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഡോക്ടര്‍ നല്‍കിയ കുറുപ്പടി പ്രകാരം ആശുപത്രിയിലെ നീതി ലാബില്‍ നിന്ന് ഗുളികളും ലഭിച്ചു. വീട്ടിലെത്തി മരുന്നുകള്‍ തുറന്ന് നോക്കുമ്പോഴാണ് ഗുളികകളില്‍ കറുത്ത പൂപ്പല്‍ പോലുള്ള വസ്തുക്കള്‍ കാണുന്നത്.
തുടര്‍ന്ന് പിറ്റേ ദിവസം ജൂലൈ 11ന് പ്രഭാകരനും മകനും ആശുപത്രിയില്‍ എത്തുകയും മരുന്ന് മാറ്റി വാങ്ങുകയും ചെയ്തു. അതോടൊപ്പം മകന്റെ അലര്‍ജിക്കുള്ള ചികിത്സയും തേടി. മകന് ലഭിച്ച മരുന്നുകള്‍ രാത്രി കഴിക്കാനായി തുറന്നപ്പോഴാണ് ഉപയോഗശൂന്യമാം വിധം നശിച്ചവയാണ് എന്ന് മനസിലായത്.
2026 വരെ എസ്പിയറി ഡേറ്റ് ഉള്ള മരുന്നുകളാണ് പ്രഭാകരനും മകനും ലഭിച്ചത്. ഒരു ബാച്ചിലെ മരുന്നുകള്‍ മുഴുവന്‍ നശിച്ചതാണോ എന്ന് പരിശോധിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ ഔദ്യോഗികമായ ഒരു പരാതിയും ലഭിച്ചിട്ടില്ല എന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. വിഷയത്തില്‍ ഡിഎംഒ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.