KERALA

''ഉടുക്കാൻ വസ്ത്രമോ, കഴിക്കാൻ ഭക്ഷണമോ ഇല്ല'', തായ്‌ലന്‍ഡ് വഴി വീണ്ടും മനുഷ്യക്കടത്ത്; മ്യാൻമറിൽ മലയാളികളടക്കം കുടുങ്ങിക്കിടക്കുന്നു

ട്രൂ ടച്ച് എന്ന കമ്പനിയില്‍ എച്ച് ആര്‍ മാനേജര്‍ ആയി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കൊണ്ടു പോകുന്നത്.

Author : ന്യൂസ് ഡെസ്ക്

ജോലി വാഗ്ദാനം ചെയ്ത് തായ്‌ലന്‍ഡ് വഴി വീണ്ടും മനുഷ്യക്കടത്ത്. മലയാളികള്‍ അടക്കമുള്ളവര്‍ തട്ടിപ്പിന് ഇരയായി. മ്യാന്‍മറില്‍ കുടുങ്ങിയ കൊല്ലം സ്വദേശി ബിനി തുളസീധരന്റെ ശബ്ദ സന്ദേശം ന്യൂസ് മലയാളത്തിന് ലഭിച്ചു. ഭക്ഷണവും, വെള്ളവും നല്‍കുന്നില്ലെന്നും മാറിയിടാന്‍ വസ്ത്രം പോലുമില്ലെന്നും ബിനി പറയുന്നു. 'ട്രൂ ടച്ച്' എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ്.

'ഫോണ്‍ തരുന്നില്ല, ഭക്ഷണം തരുന്നില്ല, വെള്ളമില്ല... എല്ലാത്തിനും ഇവര്‍ കണക്ക് വയ്ക്കുകയാണ്. ഇവിടെ ഒരു സ്റ്റാള്‍ ഉണ്ട്. അവിടെ നിന്ന് എന്തെങ്കിലും വാങ്ങി കഴിക്കാന്‍ പോലും പണം നല്‍കണം. അവര്‍ പറയുന്നത് കേട്ട് ഇവിടെ ഇരിക്കാനേ കഴിയൂ. മാറി ഉടുക്കാന്‍ തുണി പോലും തരുന്നില്ല,' ബിനി പറഞ്ഞു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് പത്താം തീയതിയാണ് മധുര വഴി ബാങ്കോക്കിലേക്ക് യാത്ര ചെയ്തത്. അവിടെ നിന്നും തായ്‌ലാന്‍ഡിലേക്ക് പോയി. തായ്‌ലന്‍ഡില്‍ നിന്നാണ് മ്യാന്‍മാറിലേക്ക് എത്തിച്ചത്.

സൈബര്‍ തട്ടിപ്പുകളുടെ വലിയ കേന്ദ്രമാണ് മ്യാന്‍മാര്‍. തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത ന്യൂസ് മലയാളം നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മ്യാന്‍മാറിലെ മേവാഡി പ്രവിശ്യയിലേക്കാണ് ഇന്ത്യക്കാരെ എത്തിക്കുന്നത്. ഇതിന് പിന്നാലെ മ്യാന്‍മാറിലേക്കുള്ള യാത്ര നേരത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിലക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

പരസ്യം കണ്ടാണ് ബിനി എന്ന യുവതി ജോലിക്കായി ബന്ധപ്പെടുന്നത്. ട്രൂ ടച്ച് എന്ന കമ്പനിയില്‍ എച്ച് ആര്‍ മാനേജര്‍ ആയി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കൊണ്ടു പോകുന്നത്.

യാത്രയ്ക്ക് മുമ്പ് വിദേശകാര്യമന്ത്രാലയവുമായി സംസാരിച്ചെന്നും അവിടെ നിന്ന് കുഴപ്പമില്ലെന്ന മറുപടി ലഭിച്ചതുകൊണ്ടാണ് പോയതെന്നും കുടുങ്ങിക്കിടക്കുന്ന പെണ്‍കുട്ടിയുടെ സഹോദരി ന്യൂസ് മലയാളത്തോട് പറഞ്ഞു. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും വസ്ത്രം അടക്കം നല്‍കാതെ സൈബര്‍ തൊഴില്‍ പോലും നല്‍കാതെ സൈബര്‍ തട്ടിപ്പുകള്‍ നടത്തുന്ന കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അവിടെ വെടിവെപ്പ് ഉണ്ടാവുകയും ഇവരെ അവിടെ നിന്നും മാറ്റി മറ്റൊരു മേഖലയിലേക്ക് കൊണ്ടു പോയെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്.

ഇന്ത്യക്കാരടക്കം നിരവധി പേര്‍ കുടുങ്ങിക്കിടക്കുയാണെന്നും പാസ്‌പോര്‍ട്ട് അടക്കം പിടിച്ചുവച്ചിരിക്കുകയാണെന്നും പെണ്‍കുട്ടി സഹോദരിക്കയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്. 4000 തായ് ബാത്ത് നല്‍കിയാല്‍ മാത്രമേ പെണ്‍കുട്ടിയെ മ്യാന്‍മര്‍ പ്രവിശ്യയില്‍ നിന്ന് തായ്‌ലന്‍ഡിലേക്ക് എത്തിക്കുകയുള്ളു എന്നാണ് തട്ടിപ്പ് സംഘം അറിയിച്ചത്.

തായ്‌ലന്‍ഡില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലില്‍ അടച്ചതിന് ശേഷം മാത്രമേ പെണ്‍കുട്ടിയുടെ മോചനം സാധ്യമാകൂ എന്നുമാണ് നിലവില്‍ അറിയാന്‍ പറ്റുന്ന വിവരം.

SCROLL FOR NEXT