മരണപ്പെട്ട റീമ  News malayalam 24x7
KERALA

"മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും"; റീമയുടെ വാട്‌സ്ആപ്പ് സന്ദേശം പുറത്ത്

സ്വന്തം വാട്സ്ആപ്പിലാണ് റീമ ടൈപ്പ് ചെയ്ത് വെച്ചത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍: കുഞ്ഞിനെയുമെടുത്ത് പുഴയില്‍ ചാടി മരിച്ച റീമയുടെ വാട്‌സ്ആപ്പ് സന്ദേശം പുറത്ത്. ഇന്നലെ വൈകിട്ട് സ്വന്തം വാട്‌സ്ആപ്പിലാണ് റീമ ടൈപ്പ് ചെയ്ത് വെച്ചത്. തന്റേയും കുഞ്ഞിന്റേയും മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അദ്ദേഹത്തിന്റെ അമ്മയുമാണെന്നാണ് റീമയുടെ സന്ദേശം.

ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് വെങ്ങര നടക്കുതാഴെ സ്വദേശിനിയായ എം.വി. റീമ കുഞ്ഞിനെയുമെടുത്ത് ചെമ്പല്ലിക്കുണ്ട് പുഴയില്‍ ചാടിയത്. ചെമ്പല്ലിക്കുണ്ട് പാലത്തിന് സമീപം സ്‌കൂട്ടറിലാണ് റിമ എത്തിയത്. തിരച്ചിലിനൊടുവില്‍ രാവിലെയാണ് റീമയുടെ മൃതദേഹം കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയത്. കുഞ്ഞിനായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. റീമയുടെ ദേഹത്ത് കുഞ്ഞിനെ കെട്ടിയ ഷാളും കണ്ടെത്തിയിരുന്നു. പാലത്തിന് മുകളില്‍ നിന്ന് കുഞ്ഞിനെ ദേഹത്തോട് ചേര്‍ത്ത് കെട്ടിയാണ് പുഴയിലേക്ക് ചാടിയത്.

2016 മുതല്‍ റീമയും ഭര്‍തൃവീട്ടുകാരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. കുഞ്ഞുണ്ടായ ശേഷം സ്വര്‍ചേര്‍ച്ചയില്ലായ്മ കൂടിയിരുന്നു. സ്വന്തം വീട്ടിലാണ് റീമ കഴിഞ്ഞിരുന്നത്. മൂന്ന് ദിവസം മുമ്പാണ് റീമയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് റീമയ്ക്കും കുഞ്ഞിനുമൊപ്പം ചില സ്ഥലങ്ങളിലും പോയിരുന്നു. എന്നാല്‍, തിരികെ എത്തിയ ശേഷം കുഞ്ഞിനെ വേണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നതായും നാട്ടുകാര്‍ പറയുന്നു.

കുഞ്ഞിനെ കണ്ടെത്താന്‍ സ്‌കൂബ സംഘവും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കുട്ടിക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

SCROLL FOR NEXT