മലപ്പുറം: മുസ്ലീം ലീഗിനെ മുൾമുനയിൽ നിർത്തിയ അബ്ദുറഹ്മാൻ രണ്ടത്താണി എൽഡിഎഫിലേക്ക് ഇല്ല. പണക്കാട്ടെ നിർണായക ചർച്ചയിലാണ് തീരുമാനം. അബ്ബാസലി ശിഹാബ് തങ്ങളാണ് രണ്ടത്താണിയെ അനുനയിപ്പിച്ചത്. ലീഗിൽ തുടരുമെന്ന് രണ്ടത്താണി അറിയിച്ചു.
തൻ്റെ പ്രയാസങ്ങളെല്ലാം കഴിഞ്ഞ ദിവസം ലീഗ് നേതൃത്വത്തെ അറിയിച്ചുവെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി വ്യക്തമാക്കി. നേതൃത്വത്തിൽ വലിയ വിശ്വാസമുണ്ട്. പ്രശ്നങ്ങൾ കൂടുതൽ നേതാക്കളെ അറിയിക്കും. പാണക്കാട്ടേക്ക് പോകാൻ ആരും ക്ഷണിക്കേണ്ടതില്ല. എനിക്ക് വേണ്ടി എൽഡിഎഫ് സീറ്റുകൾ ഒഴിച്ചിട്ടു. എന്നാൽ താൻ അടിയുറച്ച ലീഗുകാരനാണ്. പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങളാണ് പറഞ്ഞത്. അഭിപ്രായം പ്രകടിപ്പിക്കാൻ സോഷ്യൽ മീഡിയ അടക്കമുള്ള ഏതു മാർഗവും സ്വീകരിക്കുമെന്നും അബ്ദുറഹ്മാൻ രണ്ടത്താണി പറഞ്ഞു.
നേതൃത്വത്തോട് ഇടഞ്ഞ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ ഇറങ്ങിയതോടെയാണ് അബ്ദുറഹ്മാൻ രണ്ടത്താണിയെ അനുനയിപ്പിക്കാനുള്ള നീക്കം മുസ്ലീം ലീഗ് ആരംഭിച്ചത്. കൂടിക്കാഴ്ചയ്ക്കായി സാദിഖലി ശിഹാബ് തങ്ങൾ രണ്ടത്താണിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചിരുന്നു. ലീഗ് പ്രാദേശിക നേതാക്കളെ രണ്ടത്താണിയിലെ വീട്ടിലേക്ക് അയച്ചാണ് സാദിഖലി തങ്ങൾ അബ്ദുറഹ്മാൻ രണ്ടത്താണിയെ വിളിപ്പിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെയാണ് അബ്ദുറഹ്മാൻ രണ്ടത്താണി പാർട്ടിയുമായി ഇടഞ്ഞത്. മുസ്ലീം ലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അതൃപ്തി അറിയിച്ച് അബ്ദുറഹ്മാൻ രണ്ടത്താണി ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ ഓർമിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പോസ്റ്റ്. അദ്ദേഹം എല്ലാവരെയും അംഗീകരിച്ചുകൊണ്ടാണ് സ്ഥാനാർഥി പട്ടിക തയ്യാറാക്കുക എന്നായിരുന്നു പോസ്റ്റിൻ്റെ ഉള്ളടക്കം.
പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അത് തിരുത്തുകയും ചെയ്തിരുന്നു. പിന്നാലെ അതൃപ്തി പരസ്യമാക്കി വീണ്ടും പോസ്റ്റ് പങ്കുവച്ചു. തിരൂരങ്ങാടിയിലെ സ്ഥാനാർഥി പി.എം.എ. സമീറിനെതിരായ വിമർശനങ്ങൾ ശരിയാണെന്നും ഖലീഫയാണെങ്കിലും ചോദ്യം ചെയ്യപ്പെടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെയാണ് സിപിഐഎം സ്ഥാനാർഥി ചർച്ചകളുമായി രണ്ടത്താണിയെ സമീപിച്ചുവെന്ന വാർത്തകൾ വന്നത്. സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ തിരൂരങ്ങാടിയിൽ അബ്ദുറഹ്മാൻ രണ്ടത്താണിയെ ഇടത് സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു.