പാലോട് രവിയുടെ ശബ്ദരേഖ പുറത്തുവിട്ടത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് എ. ജലീല്‍ Source: News Malayalam 24x7
KERALA

'എനിക്ക് വെച്ചത് ഡിസിസി പ്രസിഡന്റിന് കൊണ്ടു'; പാലോട് രവിയുടെ ശബ്ദരേഖ പുറത്തുവിട്ടത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് എ. ജലീല്‍

പാലോട് രവിയും താനും സംസാരിച്ചത് പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചെന്നും ജലീൽ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം:  സ്വകാര്യ ഫോൺ സംഭാഷണം പുറത്തുവിട്ട് കോൺഗ്രസിനെ വെട്ടിലാക്കിയത് പാർട്ടിയിൽ ഉള്ളവർ തന്നെയെന്ന് പാലോട് രവിയുമായി സംസാരിച്ച കോൺഗ്രസ് പ്രവർത്തകൻ എ. ജലീൽ. മണ്ഡലം പ്രസിഡൻ്റ് എം.എ. ദിൽബറും സംഘവും നടത്തിയ ആസൂത്രിത നീക്കമാണിത്. പാലോട് രവിയും താനും സംസാരിച്ചത് പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചെന്നും ജലീൽ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.

കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. തന്നോടുള്ള വ്യക്തിവൈരാഗ്യം മൂലമാണിത്. എനിക്ക് വെച്ചത് കൊണ്ടത് ഡിസിസി പ്രസിഡന്റിനാണ്. ഇതിനെതിരെ കെപിസിസി നേതൃത്വത്തിനും പൊലീസിനും പരാതി നൽകും. സ്വവിമർശനമാണ് ഞങ്ങൾ രണ്ടാളും നടത്തിയത്. സംഭവത്തിൽ അതിയായ ദുഃഖമുണ്ട്. വിവാഹത്തിനു ശേഷം പാലോട് രവിയെ ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കും. ആര് നേതൃത്വത്തിലേക്ക് വന്നാലും പാർട്ടി ശക്തിപ്പെടണം. ഒരുമിച്ച് പ്രവർത്തിച്ചാലെ അത് സാധ്യമാകൂ. ആരാണ് കഴിവുള്ളവരെന്ന് പ്രവർത്തിച്ച് തെളിയിക്കും. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകർ ഇത്തരം പ്രവർത്തികൾ ചെയ്യില്ലെന്നും ജലീൽ പ്രതികരിച്ചു.

അതേസമയം, പാലോട് രവിയുടെ രാജിക്ക് പിന്നാലെ തിരുവനന്തപുരം ഡിസിസിയുടെ താത്ക്കാലിക ചുമതല എൻ ശക്തന് നൽകി. നിലവിൽ കെപിസിസി വൈസ് പ്രസിഡൻ്റാണ് ശക്തൻ. പാലോട് രവിയുടെ ഓഡിയോ സംഭാഷണം മാധ്യമങ്ങളില്‍ വന്നത് ശരിയായി കാണുന്നില്ലെന്ന് ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് എന്‍. ശക്തന്‍ പ്രതികരിച്ചു. തനിക്ക് ലഭിച്ച ഡിസിസി പ്രസിഡന്റ് ചുമതല താത്കാലികമാണ്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഡിസിസി പ്രസിഡന്റുമാരില്‍ മാറ്റം വരുമെന്നും എന്‍. ശക്തന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാലോട് രവിയുടെ സംഭാഷണം പൂര്‍ണമായും താന്‍ കേട്ടു. അദ്ദേഹം ശരിയായ രീതിയിലാണ് പറഞ്ഞത്. ചില കാര്യങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വാര്‍ത്ത നല്‍കി. ചില വാക്കുകള്‍ സൂക്ഷിക്കണമായിരുന്നു. ചെയ്യാത്ത തെറ്റിനാണ് അദ്ദേഹത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്നതെന്നും എന്‍. ശക്തന്‍ പറഞ്ഞു.

SCROLL FOR NEXT