KERALA

കോണ്‍ട്രാക്ട് ലൈസന്‍സിനായി കൈക്കൂലി; ഇടമലയാര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വിജിലന്‍സ് പിടിയില്‍

അങ്കമാലി സ്വദേശി വിത്സണ്‍ എം. ആണ് വിജിലന്‍സിന്റെ പിടിയിലായത്.

Author : ന്യൂസ് ഡെസ്ക്

എറണാകുളം: അപേക്ഷകനില്‍ നിന്നും കൈക്കൂലി വാങ്ങിയ ഇടമലയാര്‍ ഇറിഗേഷന്‍ പദ്ധതി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വിജിലന്‍സിന്റെ പിടിയില്‍. അങ്കമാലി സ്വദേശി വിത്സണ്‍ എം. ആണ് വിജിലന്‍സിന്റെ പിടിയിലായത്.

അങ്കമാലി ഓഫീസിലായിരുന്നു വിജിലന്‍സിന്റെ പരിശോധന. അപേക്ഷകനില്‍ നിന്നും കോണ്‍ട്രാക്ട് ലൈസന്‍സിനായി 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്.

വിജിലന്‍സ് കൊച്ചി യൂണിറ്റാണ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ പിടികൂടിയത്. ഇറിഗേഷന്‍ വകുപ്പിലെ വിവിധ ജോലികള്‍ ചെയ്യുന്നതിനായി ലൈസന്‍സ് നല്‍കാമെന്ന് പറഞ്ഞ് അപേക്ഷകനായി വന്നയാളില്‍ നിന്നാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അപേക്ഷകന്‍ വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശ പ്രകാരം വിജിലന്‍സ് നല്‍കിയ നോട്ടുകള്‍ അപേക്ഷകന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നല്‍കുകയും അത് വാങ്ങുന്നതിനിടെ പിടികൂടുകയുമായിരുന്നു.

എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഓഫീസില്‍ എന്‍ജനീയറുടെ മുന്‍ ഇടപാടുകളും വിജിലന്‍സ് പരിശോധിച്ച് വരികയാണ്.

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ഒളവണ്ണ വില്ലേജ് ഓഫീസറും കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായിരുന്നു. വില്ലേജ് ഓഫീസര്‍ ഉല്ലാസ് മേനോന്‍ ആണ് ഭൂമി തരംമാറ്റുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്.

ഭൂമി തരംമാറ്റുന്ന ആവശ്യത്തിനായി ഇയാള്‍ എട്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. അതില്‍ അമ്പതിനായിരം രൂപ എന്‍ജിഒ ക്വാട്ടേഴ്‌സിന് സമീപത്തുവച്ച് കൈമാറുമ്പോഴാണ് വിജിലന്‍സ് യൂണിറ്റിന്റെ പിടിയിലാകുന്നത്.

SCROLL FOR NEXT