പാലക്കാട്: പാറമേക്കാവിന് വേണ്ടി വെടിക്കെട്ട് നിർമിക്കുന്ന മുതലമടയിൽ അനധികൃത പടക്കശേഖരം കണ്ടെത്തി. 50 കിലോയുടെ വെടിമരുന്ന് സൂക്ഷിക്കാൻ അനുമതിയുള്ള പടക്ക നിർമാണ ലൈസൻസി ബിനോയ് 500 കിലോയിൽ അധികം വെടിമരുന്ന് അനധികൃതമായി സൂക്ഷിച്ചുവെന്ന് പരിശോധനയിൽ കണ്ടെത്തി. തിരുവമ്പാടി ദേവസ്വത്തിൻ്റെ പടക്കനിർമാണശാലയിൽ സ്ഫോടനമുണ്ടായതിന് പിന്നാലെയാണ് പാലക്കാട് ജില്ലാ കളക്ടറുടെ നിർദേശപ്രകാരം റെവന്യൂ വകുപ്പും പൊലീസും പരിശോധന നടത്തിയത്.
ലൈസൻസിയായ കോട്ടയം സ്വദേശി ബിനോയിക്കെതിരെ ഉടൻ കേസെടുക്കുമെന്ന് പാലക്കാട് ജില്ലാ കളക്ടർ എം. എസ് മാധവിക്കുട്ടി അറിയിച്ചു. പടക്കനിർമ്മാണശാലയിലെ തൊഴിലാളികളെ ഉടൻ മാറ്റും. കോടതിയുടെ നിർദേശപ്രകാരം പടക്കനിർമാണ ശാലയിലുള്ള വെടിമരുന്നുകളും മറ്റും നിർവീര്യമാക്കാനും നിർദേശം നൽകിയതായും ജില്ലാ കളക്ടർ എം. എസ് മാധവിക്കുട്ടി അറിയിച്ചു. ഇന്ന് രാവിലെയാണ് ചിറ്റൂർ തഹസിൽദാറിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ മുതലമടയിൽ പ്രവർത്തിക്കുന്ന പാറമേക്കാവ് ദേവസ്വത്തിൻ്റെ പടക്കനിർമാണശാലയ്ക്ക് സ്റ്റോപ് മെമ്മോ നൽകിയത്.
അതേസമയം, മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണം 10 ആയി. വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട 9 പേരുടെ മൃതദേഹങ്ങൾ ലഭിച്ചതിൽ 8 പേരെ തിരിച്ചറിഞ്ഞു. അവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് നൽകി. നിലവിൽ 11 പേരാണ് ചികിത്സയിൽ കഴിയുന്നത്.
അതേസമയം, അപകടം ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ്റെ (പെസോ) പ്രാഥമിക വിലയിരുത്തൽ. അളവിൽ കൂടുതൽ കരിമരുന്ന് കൈകാര്യം ചെയ്തിട്ടുണ്ട് എന്നാണ് സംശയം. പടക്ക നിർമാണത്തിലെ പരിചയ കുറവ് ഉള്ളവർ ഉണ്ടാകാം എന്നുമാണ് പെസോയുടെ വിലയിരുത്തൽ. ദുരന്ത ഭൂമിയിൽ നിന്ന് ഇന്ന് വീണ്ടും ശരീര ഭാഗങ്ങൾ ലഭിച്ചിരുന്നു. മനുഷ്യന്റെ ആന്തരീകാവയവങ്ങളാണ് ലഭിച്ചത് എന്നാണ് നിഗമനം. നിലവിൽ പെസോ, ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ്, ഫോറൻസിക്, അഗ്നിശമന സേന എന്നിവരുടെ തെരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു.