KERALA

മുന്നറിയിപ്പുകൾ അവഗണിച്ച് പൊഴിക്കരയിൽ വീണ്ടും മണൽഖനനം; തീരദേശപാത തകരുമോ എന്ന ആശങ്കയിൽ ജനം

മണലൂറ്റ് പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്ന വെറ്റ്‌ലാൻഡ് അതോറിറ്റിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വീണ്ടും അനുമതി നൽകിയത്.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: പരവൂർ കായലിലെ പൊഴിക്കരയിൽ വീണ്ടും മണൽഖനനം. പ്രതിഷേധത്തെത്തുടർന്ന് ആഴ്ചകളായി നിർത്തിവെച്ചിരുന്ന മണലെടുപ്പാണ് കലക്ടറുടെ അനുമതിയോടെ പുനരാരംഭിച്ചത്. മണലൂറ്റ് പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്ന വെറ്റ്‌ലാൻഡ് അതോറിറ്റിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് വീണ്ടും അനുമതി നൽകിയത്.

തീരദേശ സുരക്ഷ സംബന്ധിച്ച ആശങ്കകളെ അവഗണിച്ചാണ് കൊല്ലം പരവൂർ കായലിൽ പൊഴിക്കരയിൽ വീണ്ടും മണൽഖനനം. മുൻപ് ഖനനം നടത്തിയിരുന്ന ഭാഗത്തുനിന്ന് 300 മീറ്റർ അകലെ ഖനനം നടത്താനാണ് നിലവിലെ അനുമതി. എന്നാൽ മുൻപ് മണലെടുത്ത തീരത്തുനിന്നാണ് ഇപ്പോഴും മണലൂറ്റ് നടത്തുന്നതെന്നാണ് ആക്ഷേപം.

മണലൂറ്റുകാരണം തീരത്തിന്റെ അടിഭാഗത്തെ മണൽ കായലിലേക്ക് ഇടിഞ്ഞുതാഴുന്നത് പരവൂർ-കൊല്ലം തീരദേശപാതയുടെ തകർച്ചയ്ക്കു കാരണമാകുമെന്ന പ്രദേശവാസികളുടെ ആശങ്ക. കായലിൽ ഖനനം നടക്കുന്ന ഭാഗവും കടലും തമ്മിൽ 50 മീറ്ററിൽ താഴെ മാത്രമാണ് ദൂരമുള്ളത്.

ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് പരവൂർ കായലിൽനിന്ന് മണലെടുക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുമതി നൽകിയത്. പൊഴിക്കര ചീപ്പുപാലത്തിനു സമീപം രൂപം കൊണ്ട മണൽത്തുരുത്തുകൾ നീക്കംചെയ്യാനായിരുന്നു അനുമതി. എന്നാൽ ഇതിൻ്റെ മറവിൽ നടക്കുന്നത് വ്യാപക മണൽക്കൊള്ളയും. പാരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടി കാട്ടി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.

SCROLL FOR NEXT