Source: Screengrab
KERALA

എംഎസ്എഫ് തീം സോങ്ങിൽ ഇമ്രാൻ ഖാൻ; മതത്തിൻ്റെ പേരിൽ മനുഷ്യരെ കൊന്നൊടുക്കിയ പാകിസ്ഥാൻ നേതാവിനോട് എംഎസ്എഫിന് എന്ത് ബന്ധമെന്ന് എസ്എഫ്ഐ

എംഎസ്എഫിൻ്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ തീം സോങ്ങിൽ ഇമ്രാൻ ഖാൻ്റെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെ വിമർശനവുമായി എസ്എഫ്ഐ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എംഎസ്എഫിൻ്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ തീം സോങ്ങിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെ വിമർശനവുമായി എസ്എഫ്ഐ. മനുഷ്യരെ മതത്തിൻ്റെ പേരിൽ കൊന്നൊടുക്കിയ പാകിസ്ഥാൻ നേതാവിനോട് എംഎസ്എഫിന് എന്ത് ബന്ധമെന്നാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിൻ്റെ ചോദ്യം. എംഎസ്എഫിലെ ചിലർ വിമർശനം ഉയർത്തിയതിൻ്റെ ഭാഗമായാണ് ഈ ഗാനം മനസില്ലാമനസോടെ എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ. നവാസ് പിൻവലിച്ചതെന്നും സഞ്ജീവ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ തീം സോങ്ങിൽ പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻഖാന്റെ ചിത്രം തങ്ങളുടെ പൂർവ്വകാല നേതാക്കളുടെ ചിത്രത്തോടൊപ്പം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്കണ്ടു. മതരാഷ്ട്രവാദം ഉയർത്തിയും മനുഷ്യരെ മതത്തിന്റെ പേരിൽ കൊന്നൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാൻ നേതാവിനോട്‌ പി.കെ നവാസിനും സംഘത്തിനും എന്തു ബന്ധമാണുള്ളത്, എന്താണ് എം.എസ്.എഫിന് അദ്ദേഹത്തോടുള്ള പ്രതിബദ്ധത ?

നമ്മുടെ രാജ്യത്തോടും, മതനിരപേക്ഷ ബോധത്തെയും നിരന്തരം അക്രമിക്കുകയും ആർഎസ്എസിന്റെ തീവ്ര ദേശീയതക്ക് ഇന്ത്യയിൽ വളരാൻ സഹായകമാകുന്ന നിലപാടെടുത്ത ഇമ്രാൻ ഖാൻ ആണോ നവാസിന്റെ ഹീറോ? തങ്ങൾ മതനിരപേക്ഷമാണെന്ന് തെളിയിക്കാൻ പാടുപെടുന്ന കേരളത്തിലെ എം.എസ്.എഫ് ഇതുവഴി ഇപ്പോൾ സംഘപരിവാർ ബോധത്തെ വളർത്താനുള്ള മണ്ണൊരുക്കുക കൂടിയാണ് ചെയ്യുന്നത്. സംഘികൾ ഉടൻ ഇറങ്ങും ദേശവിരുദ്ധ ചാപ്പയുമായി, നവാസിനും സംഘത്തിനും ജമാഅത് ഇസ്ലാമിയോടും അതു ഉയർത്തുന്ന മതരാഷ്ട്രവാദത്തോടും പ്രതിബദ്ധത ഉണ്ടാകും, അവർ സംഘപരിവാറിനെ സഹായിക്കുന്നത് മനസ്സിലാകും, എന്നാൽ എം എസ് എഫിൽ പ്രവർത്തിക്കുന്ന മതനിരപേക്ഷവാദികൾ കൂടി ഇതിന്റെ ഇരയാകുന്നു. ഈ ചെയ്തി സംഘികളെയും, ജമാഅത്ത് ഇസ്ലാമിക്കാരെയും ഒരുപാട് സന്തോഷിപ്പിക്കും.എന്നാൽ കേരളത്തിന്റെ മതനിരപേക്ഷ ബോധത്തെ ഒറ്റുകയുമാണ് പി.കെ നവാസും സംഘവും ചെയ്തത്.

എം.എസ്.എഫിലെ ചിലർ വിമർശനം ഉയർത്തിയതിന്റെ ഭാഗമായി ഈ ഗാനം മനസ്സിലാമനസ്സോടെ പി കെ നവാസ് പിൻവലിച്ചതായി കാണുന്നു എന്നാൽ നവാസിന്റെ ലക്ഷ്യം നിർവേറി കഴിഞ്ഞിരിക്കുന്നു, ചിലതൊക്കെ ഇങ്ങനെയാണ് എത്ര മറച്ചു പിടിച്ചാലും തികട്ടി,തികട്ടി വരും.

ജമാഅത്ത് ഇസ്ലാമി എംഎസ്എഫിനെ പൂർണമായി വിഴുങ്ങി കഴിഞ്ഞുവെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വെൽഫെയർ പാർട്ടിയുമായുള്ള ലീഗിൻ്റെ സഖ്യം കേവലം തെരഞ്ഞെടുപ്പ് വേളയിലെ രാഷ്ട്രീയ സഖ്യം മാത്രമാണോയെന്ന് ശിവപ്രസാദും ഫേസ്ബുക്കിൽ കുറിച്ചു. ലീഗിനെ ജമാഅത്തെ ഇസ്ലാമി വിഴുങ്ങാൻ തയ്യാറെടുക്കുന്നു. ഇതിൻ്റെ വേഗത എത്രത്തോളം ആണെന്ന് തെളിയിക്കുന്നതാണ് എംഎസ്എഫിന് വരുന്ന മാറ്റമെന്നും ശിവപ്രസാദ് പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ആരുടെ രാഷ്ട്രീയത്തെയാണ് MSF പിന്തുടരുന്നത്?

കാലം തെളിയിക്കുന്ന ചില സത്യങ്ങൾ!

കേരളത്തിൽ ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള പാർട്ടിയാണ് മുസ്ലീം ലീഗ്. ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കാലം വരെ മത രാഷ്ട്രവാദത്തിനെതിരെയും മതരാഷ്ട്ര വാദികളായ ജമാഅത്ത് ഇസ്ലാമിക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചതിൻ്റെ പാരമ്പര്യവും ലീഗിനുണ്ട്. എന്നാൽ ഇതേ ലീഗാണ് അടുത്ത കാലത്ത് ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയത്. ഇത് കേവലം തിരഞ്ഞെടുപ്പ് വേളയിലെ രാഷ്ട്രീയ സഖ്യം മാത്രമാണോ? ലീഗിൻ്റെ രാഷ്ട്രീയ- ഭൗതീക നേതൃത്വത്തെ ജമാഅത്ത് ഇസ്ലാമി വിഴുങ്ങാൻ തയ്യാറെടുക്കുന്ന കാഴ്ചയാണ് എന്നാൽ ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഇതിൻ്റെ വേഗത എത്രത്തോളം ആണെന്ന് തെളിയിക്കുന്നതാണ് MSF ന് വരുന്ന മാറ്റമെന്ന് നാം കാണണം.

ലീഗിൽ അവശേഷിക്കുന്ന മതനിരപേക്ഷ വാദികളോടാണ് ചോദ്യം: സംഘപരിവാരത്തിൻ്റെ അജണ്ട പ്രോത്സാഹിപ്പിക്കുന്ന ജമാഅത്ത് ഇസ്ലാമി രാഷ്ട്രീയത്തെ കേരളത്തിൽ പ്രയോഗിക്കുന്ന MSF ശൈലി നമ്മുടെ നാടിന് ഗുണകരമാണോ? ലീഗിൻ്റെ രാഷ്ട്രീയ ആശയങ്ങൾ ഉപേക്ഷിച്ച് മതരാഷ്ട്ര വാദികളുടെ ആശയങ്ങളിലേക്ക് നിങ്ങളുടെ വിദ്യാർത്ഥി സംഘടന ചേക്കേറുമ്പോൾ കൈയും കെട്ടി നോക്കി ഇരിക്കുന്നത് ഈ സമൂഹത്തോട് തന്നെ ചെയ്യുന്ന അനീതി അല്ലെ? നാളെ ലീഗിനെ വിഴുങ്ങാൻ അടുത്തു കൂടിയിരിക്കുന്ന ജമാഅത്ത് ഇസ്ലാമി ഇപ്പോൾ MSF നെ പൂർണ്ണമായി വിഴുങ്ങി കഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞിട്ടും നിസ്സഹായമായ ഈ മൗനം എന്തു കൊണ്ട്?

ഇന്ന് ഇമ്രൻ ഖാൻ, പിന്നെ മൗദൂദി, അതിന് ശേഷം?

കാലം!

SCROLL FOR NEXT