എംഡിഎംഎ കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെയും അബ്ദുല്‍ സലാമിനെയും നേരിട്ടറിയാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. നവകേരള സദസിലെ പ്രതിഷേധത്തിൽ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റപ്പോഴാണ് മുഹമ്മദ് ഹുസൈനെ ആദ്യമായി വിളിച്ചു സംസാരിക്കുന്നത്. പിന്നീട് അവരുടെ വീട്ടിലും പോയിരുന്നു. പൊലീസ് മർദനത്തിൽ പരിക്കേറ്റയാൾ എന്ന താല്‍പ്പര്യത്തിന്റെ പുറത്താണ് പോയത്. ഇപ്പോള്‍ അറസ്റ്റിലായപ്പോഴാണ് മറ്റു കാര്യങ്ങള്‍ അറിയുന്നത്. എന്നാല്‍, അവര്‍ സോഷ്യല്‍ മീഡിയ ടീമിലൊന്നും ഇല്ല. അങ്ങനെയൊരു ടീം പ്രതിപക്ഷ നേതാവായിരുന്നപ്പോഴൊ, ഇപ്പോഴോ ഇല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേസില്‍ ആരെയും സംരക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അയാള്‍ ഇപ്പോഴും ജയിലിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഹരിക്കച്ചവടം എന്നാണ് എം.വി. ഗോവിന്ദന്‍ പറഞ്ഞത്. അദ്ദേഹത്തിനെതിരെ ഒന്നും പറയുന്നില്ല. അദ്ദേഹം ഞങ്ങളുടെ ഐശ്വര്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കാണുമ്പോള്‍, താനൊരു വലിയ സംഭവമാണെന്നാണ് തോന്നുന്നത്. എന്താണ് മെറ്റ ചെയ്യുന്നതെന്ന് അറിയില്ല. താൻ പറഞ്ഞിട്ട് മെറ്റ വാർത്തകൾ നീക്കം ചെയ്തെന്ന പ്രചാരണം തെറ്റാണ്. തന്നെ അനുകൂലിക്കുന്ന പോസ്റ്റുകളും റിമൂവ് ആകുന്നുണ്ട്. വിമര്‍ശിച്ച പോസ്റ്റുകള്‍ ഉള്‍പ്പെടെ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് കൊടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, വന്ദേ മാതരം വിവാദം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നേരിട്ടുള്ള ഉത്തരം മുഖ്യമന്ത്രിയില്‍ നിന്നുണ്ടായില്ല. "രണ്ടു ദിവസം കൂടെയല്ലേ ഉള്ളൂ. അപ്പോള്‍ കാണാം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ കൃത്യമായ നയമുണ്ട്" എന്നായിരുന്നു മറുപടി.
വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് അധിക ധനസഹായത്തിന് മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. രണ്ട് ലക്ഷം രൂപ അധികമായി അനുവദിക്കാനാണ് തീരുമാനം. പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകും. വിഴിഞ്ഞത്ത് കര വഴി ചരക്ക് നീക്കം 18 മുതൽ ആരംഭിക്കും, അതിനുള്ള അനുമതികൾ ലഭിച്ചിട്ടുണ്ട്. കേന്ദ്രം പാസാക്കിയ ധാതു നിയമം കേരളത്തെ ദോഷകരമായി ബാധിക്കുമെന്നും സതീശൻ അഭിപ്രായപ്പെട്ടു.
പി.എം.എ.വൈ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിക്ക് കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടും. പദ്ധതിയുടെ ഭാഗമായി മോദിയുടെ ഫോട്ടോ വെക്കേണ്ടതില്ലെന്നും ലോഗോ മാത്രം മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി നിയമം സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്നതാണെന്നും ഇതിനെ ശക്തമായി എതിര്‍ക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.