പാലക്കാട്: ഒൻപത് വയസുകാരിയുടെ കൈമുറിച്ച് മാറ്റിയ ഡോക്ടർമാർക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധം ശക്തം. ഡോക്ടർമാർക്കെതിരെ നടപടിയെടുത്തതിൽ കെജിഎംഒഎ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിൻ്റെ ഭാഗമായി ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നാളെ ഡോക്ടർമാർ കരിദിനം ആചരിക്കും.
13ന് പാലക്കാട് ജില്ലാ ആശുപത്രിയിലെയും, 14 ന് ജില്ലയിലെ എല്ലാ ആശുപത്രികളിലെയും ഒപി ബഹിഷ്കരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. കൂടാതെ ആശുപത്രിക്ക് പുറത്തുള്ള എല്ലാ ഔദ്യോഗിക ചുമതലകളും, മീറ്റിങ്ങുകളും ഉൾപ്പെടെ ബഹിഷ്കരിക്കുമെന്ന് കെജിഎംഒഎ വ്യക്തമാക്കി. തെളിവുകളില്ലാതെ അകാരണമായി രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തെന്നാണ് കെജിഎംഒഎയുടെ വാദം.
വലതുകൈ പൊട്ടിയനിലയിൽ ഓഗസ്റ്റ് 24ന് ആയിരുന്നു വിനോദിനി എന്ന കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആ സമയത്ത് കുട്ടിയുടെ രക്തയോട്ടത്തിന് പ്രശ്നമുണ്ടായിരുന്നില്ല. കൈക്ക് പ്ലാസ്റ്റർ ഇട്ട് കുട്ടിയെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. . പ്രത്യകിച്ച് പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ പ്ലാസ്റ്റർ എടുക്കാൻ അഞ്ച് ദിവസം കഴിഞ്ഞ് വരാനും നിർദേശം നൽകി.
30ാം തീയതി ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ കൈ നീര് വച്ചിരുന്നു. കൂടാതെ രക്തയോട്ടം നിലച്ച അവസ്ഥയിലും ആയിരുന്നു. ഇതിനെത്തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. കുട്ടിയുടെ കൈയിലെ രക്ത പ്രവാഹം നിലച്ചതും കൈയിൽ പഴുപ്പും വന്നതുകാരണം കുട്ടിയുടെ കൈ മുറിച്ച് മാറ്റേണ്ടിവരികയായിരുന്നു.
ഇതിനുപിന്നാലെ കുട്ടിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ രണ്ട് ജൂനിയർ ഡോക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു. ജൂനിയർ റസിഡൻ്റ് ഡോക്ടർ മുസ്തഫ, ജൂനിയർ കൺസൾട്ടൻ്റ് ഡോ. സർഫറാസ് എന്നിവർക്കാണ് സസ്പെൻഷൻ. ചികിത്സ പ്രോട്ടോക്കോളിൽ വീഴ്ച വരുത്തി എന്ന് കണ്ടെത്തലിലാണ് നടപടി. എന്നാൽ ഈ നടപടി അംഗീകരിക്കില്ലെന്നും തെളിവില്ലാതെയാണ് ഡോക്ടർമാർക്കെതിരെ നടപടി എടുത്തതെന്നും കെജിഎംഒഎ അറിയിച്ചിരുന്നു.