പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സയെ തുടർന്ന് ഒൻപത് വയസുകാരിയുടെ കൈമുറിച്ച് മാറ്റിയ സംഭവത്തിൽ ഡോക്ടർമാരെ ന്യായീകരിച്ച് ഡിഎംഒ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട്. ശാസ്ത്രീയ ചികിത്സ നൽകിയതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ കൈയിലെ രക്തപ്രവാഹം നിലക്കാൻ കാരണമെന്താണെന്നത് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ടിൽ ഒന്നും പറയുന്നില്ല. അതേസമയം സമൂഹത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു.
കുട്ടിയുടെ കയ്യിൽ പഴുപ്പ് ഉണ്ടാകാൻ കാരണമെന്താണ് എന്ന് വ്യക്തമാക്കാത്ത റിപ്പോർട്ട് ആണ് നിലവിൽ സമർപ്പിച്ചത്. മെഡിക്കൽ കോളജിലെ ഓർത്തോ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. സിജു കെ.എം, ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഓർത്തോ വിഭാഗം ജൂനിയർ കൺസൽട്ടൻ്റ് ഡോ. ജൗഹർ കെ.ടി. എന്നിവരാണ് അനേഷണം നടത്തിയത്. സെപ്റ്റംബർ 24, 25 തീയതികളിൽ ജില്ലാ ആശുപത്രിയിലെ ഓർത്തോ ഡിപ്പാർട്ട്മെൻ്റിൽ എത്തിയ കുട്ടിയുടെ കൈയിൻ്റെ രക്തഓട്ടത്തിൽ ഒരു പ്രശ്നവും ഇല്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. 30ന് ആശുപത്രിയിലെ ഓർത്തോ ഒപിയിൽ എത്തിയ കുട്ടിയുടെ കൈയിലേക്ക് രക്തം വരുന്നുണ്ടായിരുന്നില്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.
വീഴ്ച പറ്റിയത് അംഗീകരിക്കാത്ത റിപ്പോർട്ട് ആണെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം ആരോഗ്യമന്ത്രി നിയോഗിച്ച സമിതിയുടെ അന്വേഷണം തുടരുകയാണ്. കുട്ടിയെ ചികിത്സിച്ച പാലക്കാട്, കോഴിക്കോട് ആശുപത്രികളിലെ ഡോക്ടർമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.