കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ചാടി പോയ സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. സംഭവം ദിവസം ജോലിയിൽ ഉണ്ടായിരുന്ന നാലു പൊലീസുകാരെ സ്ഥലംമാറ്റി. സ്പെഷ്യൽ ബ്രാഞ്ച് എസിപിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
2025 ഡിസംബർ 29നാണ് വിനീഷ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിലെ വിചാരണത്തടവുകാരനായിരുന്ന ഇയാളെ മാനസിക പ്രശ്നത്തെ തുടർന്ന് കോടതിയുടെ നിർദേശപ്രകാരം കുതിരവട്ടം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ ശുചിമുറിയുടെ ചുമർ തുരന്ന് ആശുപത്രിയിൽ നിന്നും ചാടിപ്പോയത്.
അന്നേ ദിവസം ജോലിയിലുണ്ടായിരുന്ന നാല് പൊലീസുകാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഈ പൊലീസുകാർക്ക് വീഴ്ച സംഭവിച്ചു എന്നാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.
പ്രണയം നിരസിച്ചതിന് 2021 ജൂണിലാണ് ഏലംകുളം കൂഴന്തറ ചെമ്മാട്ടിൽ സി.കെ.ബാലചന്ദ്രന്റെ മകളായ എൽഎൽബി വിദ്യാർഥി ദൃശ്യയെ വിനീഷ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ഒറ്റപ്പാലം നെഹ്‌റു അക്കാദമി ഓഫ് ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയായിരുന്നു ദൃശ്യ. പ്രതി ദൃശ്യയെ കത്തി കൊണ്ട് കുത്തുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരി ദേവശ്രീക്കും(13) കുത്തേറ്റിരുന്നു.
സംഭവദിവസം ദൃശ്യയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കളിപ്പാട്ട കടയും പ്രതി കത്തിച്ചിരുന്നു. കടയ്ക്ക് തീയിട്ട് ശ്രദ്ധതിരിച്ച ശേഷമാണ് വിനീഷ് പത്തു കിലോമീറ്റർ അകലെയുളള ദൃശ്യയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശേഷം സംഭവസ്ഥലത്തുനിന്ന് മറഞ്ഞ പ്രതി ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓട്ടോയുടെ ഡ്രൈവർ ജൗഹർ നാട്ടുകാർ നൽകിയ വിവരങ്ങളുടെ സൂചനപ്രകാരം തന്ത്രപൂർവം ഇയാളെ സ്റ്റേഷനിൽ എത്തിച്ച് പൊലീസിനു കൈമാറുകയായിരുന്നു.