അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് ജൂലായ് 22 മുതൽ  Source: News Malayalam 24x7
KERALA

8000 സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല; സംസ്ഥാനത്ത് ജൂലായ് 22 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

ബസുടമകളുടെ ആവശ്യങ്ങൾക്കു പരിഹാരം കാണാത്ത സാഹചര്യത്തിലാണ് സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്കു സർവീസ് നിർത്തിവയ്ക്കുന്നത്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് ജൂലായ് 22 മുതൽ അനിശ്ചിത കാല സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസുടകളുടെ സംഘടനകളുമായി നടന്ന മന്ത്രിതല ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് അനിശ്ചിത കാല പണിമുടക്കിലേക്ക് പോയതെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി. സംസ്ഥാനത്തെ 8000 സ്വകാര്യ ബസുകൾ സമരത്തിൽ പങ്കെടുക്കും.

ഏറെ നാളുകളായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ദീർഘദൂര സർവീസുകളുടെ പെർമിറ്റുകൾ അതേപടി യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ യാത്രാനിരക്കു കാലാനുസൃതമായി വർധിപ്പിക്കുക, ബസ് തൊഴിലാളികൾക്കു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ–ചലാൻ വഴി അമിത പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക, ബസുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ബസുടമകളുടെ ആവശ്യങ്ങൾക്കു പരിഹാരം കാണാത്ത സാഹചര്യത്തിലാണ് സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്കു സർവീസ് നിർത്തിവയ്ക്കുന്നത്.

ഈ മാസം 8നു നടത്തിയ സൂചനാ സമരത്തിനു ശേഷം 16നു ഗതാഗത മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ഉടമകളുടെ ഒരു ആവശ്യവും പരിഗണിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടു പോകുന്നത്.

SCROLL FOR NEXT