മന്ത്രി വി. ശിവൻകുട്ടി Source: Facebook/ V Sivankutty
KERALA

സ്വാതന്ത്ര്യം വെറുമൊരു ആഘോഷമല്ല, ഭരണഘടനയിലെ മൂല്യങ്ങളെയും തത്വങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിജ്ഞ കൂടിയാണ്: മന്ത്രി വി. ശിവൻകുട്ടി

എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണ് എന്നതിൽ നമുക്ക് അഭിമാനിക്കാമെന്നും മന്ത്രി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്വാതന്ത്ര്യം എന്നത് വെറുമൊരു ആഘോഷം മാത്രമല്ലെന്നും ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെയും തത്വങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിജ്ഞ കൂടിയാണെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഭരണഘടനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണ് എന്നതിൽ നമുക്ക് അഭിമാനിക്കാമെന്നും മന്ത്രി സ്വാതന്ത്യ ദിനാഘോഷ പരിപാടിയിൽ ശിവൻകുട്ടി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സ്വാതന്ത്ര്യ ദിനാശംസകൾ! സ്വാതന്ത്ര്യം എന്നത് വെറുമൊരു ആഘോഷം മാത്രമല്ല, അത് നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെയും തത്വങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിജ്ഞ കൂടിയാണ്.

തുല്യത, സാഹോദര്യം, മതേതരത്വം, ജനാധിപത്യം എന്നിവയാണ് നമ്മുടെ ഭരണഘടനയുടെ കാതൽ. ഈ തത്വങ്ങൾ നമ്മുടെ ജീവിതത്തിലും സമൂഹത്തിലും പ്രാവർത്തികമാക്കുമ്പോഴാണ് നമ്മുടെ സ്വാതന്ത്ര്യം അർത്ഥപൂർണ്ണമാകുന്നത്.

നമ്മുടെ ഭരണഘടനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ട്, എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തിയ ഏക സംസ്ഥാനം കേരളമാണ് എന്നതിൽ നമുക്ക് അഭിമാനിക്കാം. നമ്മുടെ കുട്ടികൾ ഭരണഘടനയെ വായിച്ചും ഉൾക്കൊണ്ടും വളരട്ടെ.

മതത്തിൻ്റേയോ ജാതിയുടെ പേരിൽ ഒരു കുട്ടിയെയും മാറ്റി നിർത്താൻ പാടില്ലെന്നും എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഇടതു സർക്കാരിൻ്റെ ലക്ഷ്യമെന്നും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

"ഒൻപത് വർഷമായി പിണറായി വിജയൻ സർക്കാർ രാജ്യത്തിന് മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഭരണഘടനാ സ്ഥാപന മേധാവികൾ സർക്കാരിന്റെ പ്രവർത്തനത്തെ തടയുന്നുണ്ട്. ഭരണസ്തംഭനം ഉണ്ടാക്കുന്ന രീതിയിൽ കാര്യങ്ങൾ എത്തുന്നു. ഗവർണറുടെ പദവിയെക്കുറിച്ച് ഭരണഘടനയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. അംബേദ്കർ പറഞ്ഞതിന് വിഭിന്നമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഭരണഘടനയ്ക്ക് ഏറ്റവും പ്രസക്തിയുള്ള കാലഘട്ടമാണിത്," മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

SCROLL FOR NEXT