KERALA

അട്ടപ്പാടിയിലെ ശിശു മരണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്; വിദഗ്ധ സംഘത്തെ നിയോഗിച്ചു

സംഘം ഇന്ന് മുതല്‍ ഈ മാസം 31 വരെ ക്യാമ്പ് ചെയ്ത് വിഷയത്തില്‍ പഠനം നടത്തും

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങളില്‍ ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് ഉത്തരവ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുള്ള വിദഗ്ധ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. സംഘം ഇന്ന് മുതല്‍ ഈ മാസം 31 വരെ ക്യാമ്പ് ചെയ്ത് വിഷയത്തില്‍ പഠനം നടത്തും. നോഡല്‍ ഓഫീസര്‍ ട്രൈബല്‍ ഹെല്‍ത്ത് ഡോ. ഹരികുമാര്‍ അടങ്ങുന്ന സംഘം അട്ടപ്പാടി സന്ദര്‍ശിക്കും.

നോഡല്‍ ഓഫീസര്‍ ട്രൈബല്‍ ഹെല്‍ത്ത് ഡോ. ഹരികുമാര്‍ അടങ്ങുന്ന സംഘമാണ് അട്ടപ്പാടി സന്ദര്‍ശിക്കുക. ഡോ. ജോയ് ജോണ്‍ - സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍, മാതൃ-ശിശു ആരോഗ്യം, ഡോ. ലിപ്‌സി പോള്‍ - അസിസ്റ്റന്റ് ഡയറക്ടര്‍ ഡിഎച്ച്എസ് എന്നിവരാണ് ഡിഎംഇയുടെ കീഴിലുള്ള സംഘം. 31 ന് ആരോഗ്യമന്ത്രിയും അട്ടപ്പാടി സന്ദര്‍ശിക്കും.

സംഘം അട്ടപ്പാടിയിലെ ഉന്നതികള്‍, ആശുപത്രികള്‍, സി.എച്ച്.സി, എഫ്.എച്ച്.സി, എച്ച്.ഡബ്ല്യു.സി തുടങ്ങിയ ആരോഗ്യകേന്ദ്രങ്ങള്‍ സംഘം സന്ദര്‍ശിക്കും. പ്രദേശത്തെ എല്ലാ ഗര്‍ഭിണികളെയും 5 വയസ്സില്‍ താഴെയുള്ള കുട്ടികളെയും പരിശോധിച്ച് ആവശ്യമായ ചികിത്സയും പരിശോധനകളും ഉറപ്പാക്കും. 2026-ല്‍ അട്ടപ്പാടിയിലുണ്ടായ നവജാതശിശുക്കളുടെയും കുട്ടികളുടെയും മരണങ്ങളെക്കുറിച്ച് പഠിച്ച് ഡെത്ത് ഓഡിറ്റ് നടത്തും. ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ടും ശുപാര്‍ശകളും സമര്‍പ്പിക്കും.

NHM-മായി ചേര്‍ന്ന് 7 വിദഗ്ധ ഡോക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ഡോക്ടര്‍മാരാണിവര്‍. പീഡിയാട്രിക്, ജനറ്റിക്‌സ്, പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് ഗ്യാസ്‌ട്രോ, ഗൈനക്കോളജി, നിയോനാറ്റോളജി, ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം ഡോക്ടര്‍മാര്‍ എന്നിവരാണ് സംഘത്തില്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍നടപടി സ്വീകരിക്കുകയാണ് ഇവരുടെ ചുമതല. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ക്ക് വിവരങ്ങള്‍ കൈമാറും.

SCROLL FOR NEXT