പ്രതീകാത്മക ചിത്രം 
KERALA

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു, സ്രവ സാമ്പിള്‍ പൂനെയിലേക്ക് അയച്ചു; ഫലം ഇന്ന്

പോസ്റ്റുമോര്‍ട്ടം നടത്തിയ ഒരു ഡോക്ടറും രണ്ടു ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചു.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് രണ്ട് പേർക്ക് നിപയെന്ന് സംശയം. കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച യുവതിക്കും പെരിന്തൽമണ്ണയിൽ ചികിത്സയിൽ കഴിയുന്ന യുവതിക്കും പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. ഇരുവരുടെയും സ്രവ സാമ്പിൽ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. പരിശോധനാ ഫലം ഇന്ന് ലഭിക്കും.

മലപ്പുറം മങ്കട സ്വദേശിനിയാണ് കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബയോളജി ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് യുവതിക്ക് നിപ സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം 18-ാം തീയതിയാണ് മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയെ ചികിത്സയ്ക്ക് എത്തിക്കുന്നത്. അതിന് ശേഷം കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ജൂലൈ ഒന്നാം തീയതിയാണ് 18 കാരി മരിക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തി. എന്നാല്‍ പ്രാഥമിക പരിശോധനാ ഫലം പുറത്തുവന്നപ്പോൾ നിപ പോസിറ്റീവ് എന്ന് രേഖപ്പെടുത്തി.

ഇതോടെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഒരു ഡോക്ടറും രണ്ടു ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം വന്നതിന് ശേഷമായിരിക്കും ക്വാറന്റീനില്‍ കഴിയുന്ന ഡോക്ടറുടെയും ജീവനക്കാരുടെയും പരിശോധന നടത്തുക.

അതേസമയം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിക്കും പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സ്രവ പരിശോധന ഫലവും ഇന്ന് ലഭിക്കും. രോഗി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ മാസം 26-ാം തീയതിയാണ് മണ്ണാര്‍ക്കാടുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ യുവതിയെ പ്രവേശിപ്പിക്കുന്നത്. അവിടെ നിന്ന് പനി മൂര്‍ച്ഛിച്ചതിന് ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകായിരുന്നു. എന്നാല്‍ നിപ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധനാ ഫലവും പോസിറ്റീവ് ആവുകയായിരുന്നു.

SCROLL FOR NEXT