KERALA

"ബംഗാളിലേതിന് സമാനം"; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കാനുള്ള നീക്കത്തിനെതിരെ ഐഎൻഎൽ

തീരുമാനം ഞെട്ടിക്കുന്നതാണെന്ന് ഐഎൻഎൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കറെ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ ഐഎൻഎൽ. മുഖ്യതെരഞ്ഞെുപ്പ് ഓഫീസറെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാനുള്ള തീരുമാനം ഞെട്ടിക്കുന്നതാണെന്ന് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.

ബംഗാളിലുണ്ടായ സമാനമായ നീക്കമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ തെരഞ്ഞെടുപ്പിലെ ബിജെപി-യുഡിഎഫ് ഡീൽ പുറത്തുവന്നിരിക്കുകയാണ്. ഇവിഎമ്മിൽ പോലും അട്ടിമറി നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നു. കോൺഗ്രസും ബിജെപിയും ഇതിന് മറുപടി പറയണമെന്നും കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ പുതിയ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കറെ നിയമിക്കുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ചുമതലയിൽ ഇരിക്കവേയാണ് പുതിയ നിയമനം എന്നുള്ളത് ചർച്ചകൾക്ക് വഴിവച്ചിരുന്നു.

ബംഗാളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് അഗർവാളിനെ മുഖ്യമന്ത്രി സുവേന്ദു അധികാരി ചീഫ് സെക്രട്ടറിയായി നിയമിച്ചിരുന്നു. കേരളത്തിൽ രത്തൻ യു. ഖേൽക്കർ എസ്ഐആർ നടപടികൾക്ക് നേതൃത്വം നൽകിയപ്പോൾ ബംഗാളിൽ മനോജ് അഗർവാളായിരുന്നു എസ്ഐആറിന് നേതൃത്വം വഹിച്ചത്. ഗർവാളിന്റെ ചീഫ് സെക്രട്ടറി നിയമനത്തിനു പിന്നാലെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതിനുസമാനമായാണ് കേരളത്തിലും പ്രതിഷേധം നടക്കുന്നത്.

SCROLL FOR NEXT