Source: News Malayalam 24x7
KERALA

"പി.എം.എ. സലാം പൊട്ടൻ കളിക്കുന്നു"; മുനമ്പം ഭൂമിതർക്കത്തിൽ ലീഗിന് രൂക്ഷ വിമർശനവുമായി ഐഎൻഎൽ

കേന്ദ്ര നിർദേശപ്രകാരമാണ് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതെന്നും കാസിം ഇരിക്കൂർ...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: മുനമ്പം ഭൂമിതർക്കത്തിൽ മുസ്ലീം ലീഗിനെ രൂക്ഷമായി വിമർശിച്ച് ഐഎൻഎൽ. ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം പൊട്ടൻ കളിക്കുന്നുവെന്ന് കാസിം ഇരിക്കൂറിന്റെ വിമർശനം. മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന കാര്യത്തിൽ തർക്കമില്ല, ലീഗ് നേതാക്കൾ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 2019ലാണ് മുനമ്പം ഭൂമി വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്തത്. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ വഖഫ് ബോർഡ് ചെയർമാനായാപ്പോഴായിരുന്നു രജിസ്ട്രേഷനെന്നും കാസിം ഇരിക്കൂർ പറഞ്ഞു.

കേന്ദ്ര നിർദേശപ്രകാരമാണ് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതെന്നും കാസിം ഇരിക്കൂർ പറഞ്ഞു. കാര്യങ്ങൾ അറിഞ്ഞിട്ടും ലീഗ് ജനങ്ങളെ കുരങ്ങ് കളിപ്പിക്കുന്നു. ഉമീദ് പോർട്ടിലിൽ രജിസ്റ്റർ ചെയ്ത വിവാദം അനാവശ്യമാണ്. മുനമ്പം ഭൂമിയിലുള്ളവരെ പുനരധിവസിപ്പിക്കണം. വി.ഡി. സതീശൻ പറഞ്ഞപോലെ പത്തു മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല മുനമ്പം തർക്കമെന്നും കാസിം ഇരിക്കൂർ പറഞ്ഞു.

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അനാവശ്യ തിടുക്കമാണ് കഴിഞ്ഞ സർക്കാർ കാണിച്ചത് എന്നായിരുന്നു പി.എം.എ. സലാം കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ഇതിന് മറുപടിയുമായാണ് കാസിം ഇരിക്കൂർ രംഗത്തെത്തിയിരിക്കുന്നത്.

SCROLL FOR NEXT