തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പിഎസ്‌സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ആഭ്യന്തര വിജിലൻസ് അന്വേഷണം ആരംഭിച്ചു. പരാതിക്കാരെ പിഎസ്‌സി ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി വിജിലൻസ് മൊഴിയെടുപ്പ് നടത്തി. ഉത്തരക്കടലാസിന് അപേക്ഷിച്ചവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
ഉത്തരക്കടലാസുകള്‍ക്ക് പണം അടച്ച് അപേക്ഷിച്ചിട്ടും അവ ഒരു വര്‍ഷമായി കൈമാറാത്തതില്‍ വീഴ്ചയും ദുരൂഹതയും ഉണ്ടെന്നാണ് കണ്ടെത്തല്‍. ആസൂത്രണ ബോര്‍ഡിലെ പിഎസ്‌സി പരീക്ഷാ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയത് ഓണ്‍ സ്ക്രീന്‍ മാര്‍ക്കിങ് പ്രോട്ടോകോള്‍ അട്ടിമറിച്ചാണെന്ന രേഖകൾ പുറത്തുവന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.
മൂല്യനിര്‍ണയം നടത്തിയ ചോദ്യങ്ങളും നടത്താത്ത ചോദ്യങ്ങളും പരീക്ഷ വിഭാഗം പരിശോധിച്ചില്ലെന്നും രേഖയിലുണ്ട്. പരീക്ഷ നടപടിക്രമങ്ങളെ സംബന്ധിച്ച ലോഗിന്‍ ഫയലുകളും പിഎസ്‌സി ആസ്ഥാനത്ത് നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ഇതോടെ പിഎസ്‌സി പരീക്ഷ വിഭാഗം സംശയത്തിൻ്റെ മുൾമുനയിലായി.
പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ പിഎസ്‌സി യോഗത്തിൽ രൂക്ഷമായ വാദപ്രതിവാദമാണ് നടന്നത്. ഇതിനെ തുടർന്ന് അന്വേഷണം ആഭ്യന്തര വിജിലൻസ് എസ്‌പിക്ക് തന്നെ കൈമാറാൻ കമ്മീഷൻ യോഗം തീരുമാനിച്ചിരുന്നു. പരീക്ഷ കണ്ട്രോളറെ ഏൽപ്പിച്ച നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന അംഗങ്ങളുടെ എതിർപ്പിനെ തുടർന്നാണ് അന്വേഷണം വിജിലൻസിന് വിട്ടത്.