തിരുവനന്തപുരം: ബിജെപി കൗൺസിലർ തിരുമല അനിലിന്റെ മരണത്തിൽ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. കൻ്റോൺമെൻ്റ് എസിക്കാണ് അന്വേഷണച്ചുമതല. പ്രാഥമിക റിപ്പോർട്ട് ലഭിച്ചാൽ അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് വിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സിപിഐഎമ്മിൻ്റേയോ പൊലീസിൻ്റെയോ ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും. നേരത്തെ പൊലീസ് ഭീഷണി കാരണമാണ് അനിൽ ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി ബിജെപി എത്തിയിരുന്നു. എന്നാൽ അനിലിനെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
പൊലീസിൽ പരാതി നൽകാൻ പറഞ്ഞത് അനിൽ കുമാറാണെന്ന് പരാതിക്കാരി വത്സലയും വെളിപ്പെടുത്തിയുന്നു. ഒപ്പമുണ്ടായിരുന്നവരാണ് അനിൽകുമാറിനെ ഒറ്റപ്പെടുത്തിയതെന്നും, സംഘത്തിൽപ്പെട്ട എട്ടോ ഒൻപതോ പേരാണ് ഇതിനുപിന്നിലെന്നും പരാതിക്കാരി ആരോപിച്ചു. സൊസൈറ്റിയിൽ നിക്ഷേപിച്ച പണത്തിൻ്റെ കാര്യം സംബന്ധിച്ച് പരാതിയുണ്ടായിരുന്നുവെന്നും, പൊലീസിനെ സമീപിക്കാൻ അനിലാണ് പറഞ്ഞതെന്നും പരാതിക്കാരി വത്സല പറഞ്ഞു.
ഇതിനായി സ്റ്റേഷനിൽ പോകാൻ ഓട്ടോ കാശ് നൽകിയതും, വെള്ളം വാങ്ങി തന്നതും അനിൽകുമാർ ആണ്. അനിൽ മരിക്കുന്നതിന് പത്ത് ദിവസം മുമ്പാണ് പരാതി നൽകാൻ ആവശ്യപ്പെട്ടതെന്നും വത്സല വെളിപ്പെടുത്തിയുന്നു. സ്റ്റേഷനിൽ എത്തിയപ്പോൾ അനിലിനെ പൊലീസുകാർ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും, വളരെ മാന്യമായാണ് അനിലിനോട് അവർ പെരുമാറിയതെന്നും വത്സല പറഞ്ഞിരുന്നു.
അതേസമയം, കേസിൽ അനിൽ കുമാറിൻ്റെ കുടുംബാംഗങ്ങളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം അനിൽ കുമാറിൻ്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നിരുന്നു. കുറിപ്പിൽ സിപിഐഎമ്മിനോ പൊലീസിനോ എതിരെ പരാമര്‍ശമില്ല. ഇപ്പോൾ എന്നെ എല്ലാവരും കുറ്റപ്പെടുത്തുന്നു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ വലിയ മാനസികാഘാതം ഏൽക്കുന്നുണ്ടെന്നും അനിൽ കുമാർ കുറിച്ചിരുന്നു.