Source: News Malayalam 24x7
KERALA

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്: ഡോക്ടർക്ക് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്; സർജൻസ് നോട്ട് കൃത്യമെന്നും സംഘം

പ്രോട്ടോക്കോൾ പാലിക്കാനാവാത്തതും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയക്കിടെ പുന്നപ്ര സ്വദേശിനിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ശസ്ത്രക്രിയ സമയത്തെ സർജൻസ് നോട്ട് കൃത്യമാണ്. സ്ക്രബ് നഴ്സ് മാത്രമാണ് ശസ്ത്രക്രിയ സമയത്ത് ഉണ്ടായിരുന്നത്. ഉപകരണങ്ങൾ എല്ലാം ഉണ്ടോ എന്ന് ഡോക്ടർ സ്ക്രബ് നഴ്സിനോട് ചോദിച്ചിരുന്നു. ഉണ്ടെന്ന മറുപടിക്ക് ശേഷമാണ് തുന്നൽ ഇട്ടത്. എന്നാൽ ഉഷയുടെ ശസ്ത്രക്രിയക്കിടെ മറ്റൊരു ശാസ്ത്രായിയയ്ക്ക് വേണ്ടിയും ജോലി ചെയ്യേണ്ടി വന്നെന്നാണ് നഴ്സ് പറയുന്നത്. പ്രോട്ടോക്കോൾ പാലിക്കാനാവാത്തതും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടുന്നതാണ് റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും.

സംഭവത്തിൽ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ഷ ജോസഫിന്റെ നാത്തൂന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ഡോക്ടർ ലളിതാംബിക മാത്രമാണ് നിലവിൽ കേസിലെ പ്രതി. ഐപിസി 336, 337 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉഷാ ജോസഫിന്റെ മൊഴി വരും ദിവസങ്ങളിൽ പൊലീസ് രേഖപ്പെടുത്തും. ആരോപണം ഉയർന്നതിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഷാഹിദയെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണവിധേയമായാണ് സസ്പെൻഡ് ചെയ്തത്. ശസ്ത്രക്രിയ നടത്തിയ സമയത്ത് ഉണ്ടായിരുന്ന നഴ്സ് പി.എസ്. ധന്യയെയും സസ്പെൻഡ് ചെയ്തു. വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയിൽ വയറ്റിൽ കത്രിക മറന്നുവച്ചെന്നായിരുന്നു പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വെളിപ്പെടുത്തൽ. ശസ്ത്രക്രിയയ്ക്ക് ശേഷം പിന്നീട് കടുത്ത വയറു വേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ ചെന്നപ്പോൾ മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ഡോക്ടർ മടക്കി അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എംആർഐ സ്കാൻ എടുത്ത് നോക്കിയപ്പോഴാണ് കത്രിക വയറിനുള്ളിൽ ഉണ്ടെന്ന് മനസിലായതെന്നും ഉഷാ ജോസഫ് പറഞ്ഞിരുന്നു. കുറ്റക്കാർക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി എടുക്കുമെന്നും, സർക്കാർ കുടുംബത്തിനൊപ്പം ആണെന്നും ആരോഗ്യ വീണ ജോർജും വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT