Source: News Malayalam 24X7
KERALA

ശബരിമല സ്വർണ്ണക്കൊള്ള; കെ.പി. ശങ്കരദാസിനെ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി, വിശദപരിശോധനയ്ക്ക് ശേഷം തുടർ നടപടികൾ

കെ.പി. ശങ്കരദാസിനെ 14 ദിവസത്തേയ്ക്കാണ് റിമാന്റ് ചെയ്തത്

Author : ശാലിനി രഘുനന്ദനൻ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കെ.പി. ശങ്കരദാസിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എസ്പി മെഡിഫോർട്ടിൽ ചികിത്സയിൽ ആയിരുന്നു. റിമാൻഡ് ചെയ്തതിനു പിന്നാലെയാണ് ആശുപത്രി മാറ്റം. ജയിൽ ഉദ്യോഗസ്ഥർ എത്തിയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വിശദ പരിശോധന നടത്തിയ ശേഷമാണ് തുടർ നടപടികൾ സ്വീകരിക്കുക.

മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കാണ് ശങ്കരദാസിനെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദ്രോഗ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. കൂടുതൽ പരിശോധനകൾ നടത്തും. തടവുകാരുടെ സെല്ലിലേക്കോ വാർഡിലേക്കോ മാറ്റുന്നതിലും ഉടൻ തീരുമാനമാകും. കൂടുതൽ ചികിത്സ ആവശ്യമെങ്കിൽ ഹൃദ്രോഗ വിഭാഗത്തിൽ തന്നെ തുടരും എന്നാണ് റിപ്പോർട്ടുകൾ.

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ 14 ദിവസത്തേയ്ക്കാണ് റിമാന്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥൻ എസ്‌പി ശശിധരനും പ്രോസിക്യൂട്ടറും കൊല്ലം വിജിലൻസ് ജഡ്‌ജും ആശുപത്രിയിലെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിലെത്തിയ പ്രത്യേക അന്വേഷണസംഘം ശങ്കരദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസുമായി ബന്ധപ്പെട്ട് എസ്ഐടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ദേവസ്വം ബോർഡ് അംഗം ആശുപത്രിയിൽ പോയി കിടക്കുകയാണെന്നും പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നത് ഇങ്ങനെയാണോ എന്നായിരുന്നു ജഡ്ജി എ. ബദറുദ്ദീൻ്റെ വിമർശനം.

ശങ്കരദാസ് അബോധാവസ്ഥയിൽ കിടക്കുകയാണെന്നായിരുന്നു അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ശങ്കര ദാസിൻ്റെ ആശുപത്രി കിടക്കയിലുള്ള ചിത്രങ്ങളും അഭിഭാഷകൻ കോടതിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. പിന്നാലെയാണ് അന്വേഷണസംഘം ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

SCROLL FOR NEXT