കൊച്ചി: റോയൽ ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ച വാഹനങ്ങൾ ഇറക്കുമതി തീരുവ അടയ്ക്കാതെ കടത്തി കൊണ്ട് വന്ന കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) അന്വേഷണം സിനിമ മേഖലയിലേയ്ക്കും. കേരളത്തിൽ വിൽപ്പന നടത്തിയ വാഹനങ്ങളിൽ മൂന്ന് എണ്ണം വാങ്ങിയിരിക്കുന്നത് സിനിമ മേഖലയിലെ ഉന്നതർ ആണെന്നാണ് കണ്ടെത്തൽ. രണ്ട് നടൻമാരും ഒരു സംവിധായനും വാഹനം വാങ്ങിയിട്ടുണ്ട് എന്നാണ് വിവരം.
ഇറക്കുമതി തീരുവ നൽകാതെ വാഹനം കടത്തി കൊണ്ടുവന്ന് വിറ്റെന്ന കേസിൽ ഡിആർഐയും കസ്റ്റംസും അന്വേഷണം ഊർജിതമാക്കിയിരുന്നു. പത്ത് ലക്ഷത്തിന് വാങ്ങിയ വാഹനം 35 ലക്ഷത്തിനാണ് വിറ്റത്. ഇത്തരത്തിൽ നാൽപ്പതിലധികം വാഹനങ്ങൾ കടത്തി കൊണ്ട് വന്നെന്നാണ് വിവരം. ഭൂട്ടാനിൽനിന്നു എത്തിച്ച് ഹിമാചൽ രജിസ്റ്റർ ചെയ്ത വാഹനം പിന്നീട് കേരളത്തിലും രജിസ്ട്രേഷൻ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരും തമിഴ് നാട്ടിലെ നാല് പൊലീസ് ഉദ്യോഗസ്ഥരും ഇറക്കുമതി വാഹനം വാങ്ങിയിട്ടുണ്ട്.