Source: News Malayalam 24x7
KERALA

സിന്ധു തിരോധാനത്തിലും പരിശോധന; സുഹൃത്ത് തങ്കപ്പൻ്റെ വീട്ടുപരിസരത്ത് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് പരിശോധന

തിരുവിഴ സ്വദേശി തങ്കപ്പന്റെ വീട്ടുപരിസരത്ത് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് പരിശോധന നടത്തുന്നു.

Author : ന്യൂസ് ഡെസ്ക്

ചേർത്തല തിരോധാനക്കേസുകളിൽ തിരുവിഴ സിന്ധു തിരോധാന കേസിലും പരിശോധന. തിരുവിഴ സ്വദേശി തങ്കപ്പന്റെ വീട്ടുപരിസരത്ത് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് പരിശോധന നടത്തുന്നു. തങ്കപ്പനും സിന്ധുവും സുഹൃത്തുക്കളാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. 2020ൽ കാണാതായ ദിവസം സിന്ധു നടന്നുപോയത് ഈ പരിസരത്ത് കൂടി ആയിരുന്നു.

2020 ഒക്ടോബർ 19ന് ചേർത്തല തിരുവിഴയിൽ നിന്നാണ് സിന്ധുവിനെ കാണാതായത്. തിരുവിഴ ക്ഷേത്രത്തില്‍ വഴിപാട് കഴിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് വൈകുന്നേരം ആറോടെ വീട് വിട്ടിറങ്ങിയ സിന്ധുവിനെ പിന്നെ ആരും കണ്ടിട്ടില്ല. മകളുടെ വിവാഹത്തിന് രണ്ടുമാസം മുൻപായിരുന്നു തിരോധാനം. അർത്തുങ്കല്‍ പൊലീസ് കേസ് അന്വേഷിച്ചെങ്കിലും സിന്ധുവിനെ കണ്ടെത്താനായില്ല.

അതേസമയം, ആലപ്പുഴ തിരോധാനക്കേസിൽ നിർണായക തെളിവ് കണ്ടെത്തി. സെബാസ്റ്റ്യന്റെ വീട്ടിലെ അടുപ്പിൽ നിന്ന് കത്തിക്കരിഞ്ഞ ലേഡീസ് വാച്ചിന്റെ ഭാഗം കണ്ടെത്തി. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ചുള്ള പരിശോധനയിൽ സംശയിക്കാൻ വിധം ഒന്നും കണ്ടെത്തിയില്ലെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽ രാജ് പറഞ്ഞു. കിട്ടിയ തെളിവ് ഉപയോഗിച്ച് ഒരു തീരുമാനവും എടുക്കാറായില്ല, കേസ് എത്രയും പെട്ടെന്ന് പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

"സെബാസ്റ്റ്യന്റെ വീട്ടിലെ പരിശോധനയിൽ വാച്ചിന്റെ ഡയൽ കണ്ടെത്തി. വാച്ച് കത്തിച്ച നിലയിലായിരുന്നു. പാരഗണിന്റെ ചെരുപ്പും കണ്ടെത്തി. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ചുള്ള പരിശോധനയിൽ സംശയിക്കാൻ വിധം ഒന്നും കണ്ടെത്തിയില്ല. റോസമ്മയുടെ വീട്ടു പരിസരത്തെ കോഴിഫാമിൽ നിന്നും ഒന്നും കണ്ടെത്തിയില്ല. റോസമ്മയെ കസ്റ്റഡിയിൽ എടുക്കില്ല. കോഴി ഫാമുമായി ബന്ധപ്പെട്ട് സംശയമുണ്ടായിരുന്നു, അതുകൊണ്ടാണ് പരിശോധിച്ചത്. എല്ലാ കേസും ഒരുമിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തിന്റെ ആവശ്യമില്ല. കിട്ടിയ തെളിവ് ഉപയോഗിച്ച് ഒരു തീരുമാനവും എടുക്കാറായില്ല. കേസ് എങ്ങനെയെങ്കിലും തെളിയിക്കാനുള്ള ആത്മാർത്ഥ ശ്രമമാണ് നടക്കുന്നത്," ഡിവൈഎസ്പി സുനിൽ രാജ് പറഞ്ഞു.

SCROLL FOR NEXT