ഇറാൻ- ഇസ്രയേൽ സംഘർഷത്തെ തുടർന്ന് വ്യോമ ഗതാഗത മേഖലയിൽ പ്രതിസന്ധി തുടരുന്നു. കൊച്ചിയിൽ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്ന 39 വിമാനങ്ങളും കൊച്ചിയിലേക്ക് എത്തിച്ചേരേണ്ടിയിരുന്ന 49 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം മസ്ക്കറ്റ് , ജിദ്ദ, ദുബൈ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ , എയർ ഇന്ത്യ എക്സ്പ്രസ് , ഇൻഡിഗോ, സ്പൈസ് ജെറ്റ് , എന്നീ എയർ ലൈനുകൾ സർവീസ് ചാർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും യാത്രയ്ക്ക് പുറപ്പെടും മുൻപ് സർവീസുകൾ ഉണ്ടോയെന്ന് യാത്രക്കാർ ഉറപ്പ് വരുത്തണമെന്നാണ് വിമാനക്കമ്പനി അധികൃതരുടെ നിർദേശം. ഇന്ന് പുലർച്ചെ 4.30 ന് യുഎയിലെ ഫുജൈറയിൽ നിന്നുള്ള ചാർട്ടേഡ് വിമാനം പുലർച്ചെ 4.30ന് കൊച്ചിയിൽ എത്തിയിരുന്നു. കൂടാതെ ജിദ്ദ , മസ്ക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും കൊച്ചിയിൽ എത്തി. മസ്ക്കറ്റിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് രണ്ട് സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെങ്കിലും സർവീസ് നടത്തുമോ എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഇന്നും സർവീസുകൾ മുടങ്ങും. ഇന്ന് സർവീസ് നടത്തേണ്ട 31 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതിൽ 16 എണ്ണം തിരുവനന്തപുരത്തേക്ക് എത്തുന്നതും 15 എണ്ണം തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നതുമാണ്. കരിപ്പൂരിൽ 40 സർവീസുകൾ റദാക്കിയിട്ടുണ്ട്. കരിപ്പൂർ നിന്നുള്ള 20ഉം, കരിപ്പൂരേക്കുള്ള 20 ഉം സർവീസുകളാണ് റദ്ദാക്കിയിട്ടുള്ളത്. അതേസമയം, ഫ്ളൈനാസ് കരിപ്പൂർ -റിയാദ് , സലാം എയർ കരിപ്പൂർ -മസ്ക്കറ്റ്-കരിപ്പൂർ എന്നിവ സർവീസ് നടത്തി.
യുഎഇയിൽ നിന്നും മസ്ക്കറ്റിൽ നിന്നുമായി പ്രത്യേക വിമാന സർവീസുകളും ആരംഭിച്ചിട്ടുണ്ട്. ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നീ വിമാന സർവീസുകളാണ് പുനരാരംഭിച്ചത്. ഇതിന് പുറമെ കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 39 വിമാന സർവീസുകളും റദ്ദാക്കി. അബുദാബിയിൽ നിന്നും ദോഹയിൽ നിന്നും പുറപ്പെടേണ്ട 49 വിമാനങ്ങൾ റദ്ദാക്കി. അതേസമയം, കൊച്ചിയിലേക്കും മുംബൈയിലേക്കും പ്രത്യേക വിമാന സർവീസുകളും ഉണ്ടായിരുന്നു.