തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലടക്കം ജാഗ്രത നിർദേശമുണ്ട്. മഴ സാഹചര്യം കണക്കിലെടുത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പുളളത്.
കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേനൽ മഴ ശക്തി പ്രാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ താപനില കുറയുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം പാലക്കാട് ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസിന് താഴെയെത്തി.
അതേസമയം വേനൽ മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും നേരിയ തോതിൽ കുറഞ്ഞു. പുറത്തുനിന്നുള്ള വൈദ്യുതി കൂടിയെത്തിയതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി എന്നാണ് വിലയിരുത്തൽ. കെഎസ്ഇബിക്ക് കീഴിലുള്ള പല ഡാമുകളിലും ജലനിരപ്പ് ഉയർന്നതും ആശ്വാസമായി.