സസ്പെൻഷനിലായ ജി. ആർ. പ്രമോദ്  Source: News Malayalam 24x7
KERALA

ഭാരതാംബയെ അവഹേളിച്ചു; സർവീസ് ചട്ടലംഘനം ആരോപിച്ച് ഐഎസ്ആർഒ ജീവനക്കാരന് സസ്പെൻഷൻ

ഭാരതാംബയെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ആർ പ്രമോദിനെയാണ് സസ്പെൻ്റ് ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഗവർണർ പുഷ്‌പാർച്ചന നടത്തിയ ചിത്രത്തിലെ ഭാരതാംബയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ഐഎസ്ആർഒ ജീവനക്കാരന് സസ്പെൻഷൻ. ഭാരതാംബയെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരുടെ കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ആർ പ്രമോദിനെയാണ് സസ്പെൻ്റ് ചെയ്തത്. സംഭവത്തിൽ സർവീസ് ചട്ടലംഘനം ഉണ്ടായിട്ടില്ലന്നും ഏകപക്ഷീയമായ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് എ എ റഹീം എം.പി ഐഎസ്ആർഒ ഡയറക്ടർക്ക് കത്ത് നൽകി.

സർവീസ് ചട്ടലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻ്റ് ചെയ്തത്. പ്രമോദിനെ ആദ്യം ഐഎസ്ആർഒയുടെ വലിയമല ആസ്ഥാനത്തേയ്ക്ക് സ്ഥലം മാറ്റി. അവിടെ ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴായിരുന്നു സസ്പെൻ്റ് ചെയ്തതായി അറിയിച്ചത്. സർവീസ് ചട്ടം ലംഘിക്കുന്ന ഒന്നും പോസ്റ്റിൽ ഉണ്ടായിരുന്നില്ലെന്ന് പ്രമോദ് ഐഎസ്ആർഒ അധികൃതർക്ക് മറുപടി നൽകിയെങ്കിലും വിശദീകരണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ അവഹേളിക്കുന്ന തരത്തിൽ പോസ്റ്റിട്ടവർ ഇപ്പോഴും ജോലിയിൽ തുടരുമ്പോഴാണ് പ്രമോദിനെതിരായ ഏകപക്ഷീയമായ നടപടിയെന്ന് എ. എ റഹീം പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ ഐഎസ്ആർഒ വേളീ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി. എ. എ. റഹീം എംപി മാർച്ച് ഉദ്‌ഘാടനം ചെയ്തു. സംഭവത്തിൽ ജീവനക്കാർ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്.

SCROLL FOR NEXT